ഇസ്ലാമാബാദ്: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകമൊന്നാകെ ജാഗ്രത പുലര്‍ത്തുമ്പോള്‍ പാകിസ്താനിലെ ജനങ്ങള്‍ക്കെതിരേ രൂക്ഷപ്രതികരണവുമായി മുന്‍ പാക് ക്രിക്കറ്റ് താരം ഷുഐബ് അക്തര്‍. പാകിസ്താനിലെ ജനങ്ങള്‍ കൊവിഡ്-19നെ ഗൗരവമായി കാണുന്നില്ലെന്നും ഒഴിവുദിവസം പോലെ ആഘോഷിക്കുകയാണെന്നും അക്തര്‍ വ്യക്തമാക്കി. ഗവണ്‍മെന്റ് നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിച്ച് ജനങ്ങള്‍ റോഡിലിറങ്ങി നടക്കുകയാണെന്നും പാകിസ്താനില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നും അക്തര്‍ പറയുന്നു,

'ഞാന്‍ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒരു ആവശ്യത്തിനായി പുറത്തുപോയതായിരുന്നു. ഞാന്‍ ആര്‍ക്കും കൈ കൊടുക്കയോ ആരേയും കെട്ടിപ്പിടിക്കുകയോ ചെയ്തില്ല. എല്ലാ സമയത്തും എന്റെ കാറിന്റെ വിന്‍ഡോ അടച്ചിട്ട നിലയിലായിരുന്നു. പക്ഷേ ആളുകളെല്ലാം പുറത്തിറങ്ങി നടക്കുന്നതാണ് കണ്ടത്. അവര്‍ക്ക് ഇതിനെ കുറിച്ച് പേടിയും ആശങ്കയുമില്ല. ഒരു ബൈക്കില്‍ നാലുപേര്‍ കറങ്ങുന്നത് കണ്ടു. അവര്‍ പിക്നിക്കിന് പോകുകയായിരുന്നു. ആളുകള്‍ പുറത്തുനിന്ന് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. ഇപ്പോഴും റെസ്റ്റോറന്റുകള്‍ തുറന്നിരിക്കുകയാണ്. അവര്‍ എന്തുകൊണ്ട് അതൊന്നും അടച്ചിടുന്നില്ല.' അക്തര്‍ യുട്യൂബ് വീഡിയോയില്‍ ചോദിക്കുന്നു.

ഇന്ത്യയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. എന്നാല്‍ പാകിസ്താനില്‍ കാര്യങ്ങള്‍ അങ്ങനെയല്ല, ആളുകള്‍ യാത്ര ചെയ്യുന്നത് തടയാനാകുന്നില്ല. 90% കേസുകളും മനുഷ്യസ്പര്‍ശത്തിലൂടെയാണ് പകര്‍ന്നിരിക്കുന്നത്. എന്നിട്ടും വീടിനുള്ളില്‍ തങ്ങാന്‍ നമ്മള്‍ തയ്യാറാകുന്നില്ല. നമ്മള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? ഇത് അപകടകരമാണ്. ജനങ്ങളുടെ ജീവനുമായി കളിക്കുന്നതുപോലെയാണിത്. അക്തര്‍ ചൂണ്ടിക്കാട്ടുന്നു.

content highlights: Shoaib Akhtar asks people of pakistan to stop treating covid 19 as holiday or picnic