മുംബൈ: തുടര്‍വിജയങ്ങള്‍ക്കു പിന്നാലെ ന്യൂസീലന്‍ഡ് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ തോളിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് പുറത്തായി.

മൂന്നാം ഏകദിനത്തിലെ അഞ്ചാം ഓവറില്‍ ആരോണ്‍ ഫിഞ്ചിന്റെ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ധവാന്റെ ഇടതു തോളിന് പരിക്കേറ്റത്. താരത്തെ ഉടന്‍ തന്നെ എക്സ് റേയ്ക്ക് വിധേയനാക്കി. പിന്നീട് മത്സരത്തില്‍ ധവാന്‍ ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. ഇതോടെ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് കെ.എല്‍ രാഹുലായിരുന്നു.

എക്‌സ് റേ പരിശോധനയില്‍ പരിക്ക് സാമാന്യം ഗൗരവമുള്ളതാണെന്ന് വ്യക്തമായതോടെയാണ് ധവാനെ മാറ്റിനിര്‍ത്തുന്നത്. അഞ്ച് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനം.

അതേസമയം ന്യൂസീലന്‍ഡ് പരമ്പരയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയ്ക്കും പരിക്കേറ്റു. വിദര്‍ഭയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് താരത്തിന്റെ കണങ്കാലിനു പരിക്കേറ്റത്. ഇതോടെ ന്യൂസീലന്‍ഡ് പരമ്പരയില്‍ ഇഷാന്തിന്റെ സാന്നിധ്യവും സംശയത്തിലാണ്. ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമാണ് ഇഷാന്ത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച താരത്തെ നഷ്ടമാകുന്നത് ന്യൂസീലന്‍ഡിലെ പേസ് പിച്ചുകളില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും.

Content Highlights: Shikhar Dhawan ruled out of New Zealand series