ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുരളി വിജയിക്കൊപ്പമുള്ള ഓർമകൾ പങ്കുവെച്ച് ശിഖർ ധവാൻ. മുരളി വിജയിക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹത്തോടൊപ്പം തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കാൻ കാത്തിരിക്കുകയാണെന്നും ധവാൻ പറയുന്നു. അശ്വിനുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് ധവാൻ മുരളി വിജയിക്കൊപ്പമുള്ള ഓർമകൾ പങ്കുവെച്ചത്.

റൺസ് ഓടിയെടുക്കുന്നതിനെച്ചൊല്ലി അദ്ദേഹവുമായി തർക്കങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ അത് പെട്ടെന്ന് തന്നെ ശരിയാകും. എന്റെ ഭാര്യയെപ്പോലെയാണ് മുരളി വിജയിയെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ഒരു പ്രശ്നമുണ്ടെങ്കിൽ അതു പെട്ടെന്ന് തന്നെ മാറും. ധവാൻ പറയുന്നു.

മുരളി വിജയിയെ മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടാണെന്നും ക്ഷമയോടെ ഇരുന്നാൽ മാത്രമേ അതു സാധിക്കൂവെന്നും ധവാൻ കൂട്ടിച്ചേർത്തു. ചില സമയങ്ങളിൽ മുരളി വിജയ് പറയുന്നത് എന്താണെന്ന് മനസ്സിലാകില്ല. എന്നാൽ രണ്ടു വർഷത്തിനുശേഷം അന്ന് പറഞ്ഞത് ഓർത്താൽ അത് എന്താണെന്ന് മനസ്സിലാകും. ധവാൻ അശ്വിനുമായുള്ള ലൈവ് ചാറ്റിൽ മുരളി വിജയുമൊത്തുള്ള അനുഭവം പങ്കുവെയ്ക്കുന്നു.

24 ടെസ്റ്റുകളിലാണ് മുരളിയും ധവാനും ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ ധവാൻ മുരളിക്കൊപ്പം 289 റൺസിന്റെ കൂട്ടുകെട്ടുമുണ്ടാക്കി.

Content Highlights: Shikhar Dhawan on Murali Vijay, Indian Cricket