ന്യൂഡല്‍ഹി: ട്വന്റി 20 ക്രിക്കറ്റില്‍ അപൂര്‍വ നാഴികക്കല്ല് പിന്നിടാനൊരുങ്ങി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍.

ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തുപോയ ധവാന്‍ വിന്‍ഡീസ് പര്യടനത്തില്‍ കളിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ട്വന്റി-20 പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 27 റണ്‍സും രണ്ട് ഏകദിനങ്ങളില്‍ നിന്ന് 38 റണ്‍സും മാത്രമാണ് താരത്തിന് നേടാനായത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20-യില്‍ 31 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത ധവാന്‍ ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. 

ബെംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20-യില്‍ കളത്തിലിറങ്ങുമ്പോള്‍ കുട്ടിക്രിക്കറ്റിലെ അപൂര്‍വ നേട്ടം ധവാന് സ്വന്തമാക്കാം. മത്സരത്തില്‍ നാലു റണ്‍സ് കൂടി നേടിയാല്‍ ട്വന്റി 20 കരിയറില്‍ ധവാന് 7000 റണ്‍സ് തികയ്ക്കാം. വിരാട് കോലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ എന്നിവരാണ് ധവാന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യക്കാര്‍. ഐ.പി.എല്‍ അടക്കമുള്ള ട്വന്റി 20 മത്സരങ്ങളിലെ കണക്ക് അനുസരിച്ചാണ് ഈ പട്ടിക. 

ഇപ്പോള്‍ ധവാന്റെ അക്കൗണ്ടില്‍ 6996 റണ്‍സുണ്ട്. നാലു റണ്‍സുകൂടി നേടിയാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന 15-ാമത്തെ താരമാകും ധവാന്‍.

Content Highlights: Shikhar Dhawan on cusp of joining elite T20 list