കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഒരു റണ്ണിന് പുറത്തായ ശിഖര്‍ ധവാനെതിരെ ട്വിറ്ററില്‍ രൂക്ഷ വിമര്‍ശനം. ഓപ്പണര്‍ കെ.എല്‍ രാഹുലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമിലുള്‍പ്പെടുത്തിയ ഗൗതം ഗംഭീറിന് അവസരം നല്‍കാതെ ഫോമിലില്ലാത്ത ധവാനെ കളിപ്പിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. മുരളി വിജയിയോടൊപ്പം ഓപ്പണിനിറങ്ങിയ ധവാന്‍ 10 പന്തില്‍ ഒരു റണ്ണെടുത്ത് നില്‍ക്കെ മാറ്റ് ഹെന്റിയുടെ പന്തില്‍ പുറത്താകുകയായിരുന്നു. 

മഹേന്ദ്ര സിംഗ് ധോനിയുടെ ജീവിത കഥ ആസ്പദമാക്കി പുറത്തിറങ്ങിയ എം.എസ് ധോനി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി കാണാന്‍ വേണ്ടിയാണ് ധവാന്‍ വേഗം പുറത്തായതെന്നാണ് ഒരു ആരാധകന്റെ ട്വീറ്റ്. 

ശിഖര്‍ ധവാന്റെ ബാറ്റിങ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് മാഗ്ഗി നൂഡില്‍സാണെന്നും അതു കൊണ്ടാണ് ക്രീസിലെത്തി രണ്ട് മിനിറ്റ് കൊണ്ട് അവസാനിച്ചതെന്നുമാണ് മറ്റൊരു ആരാധകന്റെ ട്വീറ്റ്.