ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഐ.പി.എല്‍ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റിങ് നിരയില്‍ ഇനി ശിഖര്‍ ധവാന് ഉണ്ടാകില്ല. ധവാനെ സണ്‍റൈസേഴ്സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് കൈമാറി. ഔദ്യോഗിക പത്രക്കുറിപ്പിലൂടെ സണ്‍റൈസേഴ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ധവാനു പകരം വിജയ് ശങ്കര്‍, ഷഹബാസ് നദീം, അഭിഷേക് ശര്‍മ എന്നീ താരങ്ങളെ ഡല്‍ഹിയില്‍ നിന്ന് സണ്‍റൈസേഴ്സിനു ലഭിച്ചു. ഇരു ടീമുകള്‍ക്കും ഗുണം ചെയ്യുന്ന നീക്കമെന്നാണ് സണ്‍റൈസേഴ്സ് മാനേജ്മെന്റ് ധവാന്റെ കൈമാറ്റത്തെ വിശേഷിപ്പിച്ചത്. ധവാന്റെ സംഭാവനകളെ വിലപ്പെട്ടതായി കരുതുന്നുവെന്നും അദ്ദേഹത്തിനും കുടുംബത്തിനും ആശംസകള്‍ അറിയിക്കുന്നതായും സണ്‍റൈസേഴ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി.
തന്റെ ആദ്യ ഐ.പി.എല്‍ ടീമിലേക്കു തന്നെയാണ് ധവാന്റെ മടക്കം. നേരത്തെ സണ്‍റൈസേഴ്സിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ധവാന് അസംതൃപ്തനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനാല്‍ ധവാന് മുംബൈ ഇന്ത്യന്‍സിലേക്കോ കിങ്സ് ഇലവന് പഞ്ചാബിലേക്കോ പോയേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് താരം ഡല്‍ഹിയിലെത്തിയത്.
2013 മുതല്‍ ഹൈദരാബാദ് ടീമിനായി കളിക്കുന്നു താരം 91 ഇന്നിങ്സുകളില്‍ നിന്ന് 2768 റണ്‍സ് നേടിയിട്ടുണ്ട്. ടീമിന്റെ ടോപ്പ് സ്കോററും ധവാന് തന്നെയാണ്. ഡേവിഡ് വാര്‍ണര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ മാത്രമാണ് ഹൈദരാബാദ് ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്.
Content Highlights: shikhar dhawan makes a switch from sunrisers hyderabad to delhi daredevils