ന്യൂഡല്‍ഹി: ജൂലായില്‍ ശ്രീലങ്കയുമായി നടക്കുന്ന ക്രിക്കറ്റ് പരമ്പരയില്‍ ശിഖര്‍ ധവാനോ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയോ ഇന്ത്യന്‍ ക്യാപ്റ്റനാകാന്‍ സാധ്യത.

പരിക്കുമാറി തിരിച്ചെത്തിയാല്‍ ശ്രേയസ് അയ്യറെയും നായകസ്ഥാനത്തേക്ക് പരിഗണിക്കേണ്ടി വരും. എന്നാല്‍ ഏറെക്കാലത്തെ അനുഭവ പരിചയമുള്ള ശിഖറിന് മുന്‍തൂക്കമുണ്ട്. പരിശീലകനായി രാഹുല്‍ ദ്രാവിഡ് ടീമിനൊപ്പമുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി വിരാട് കോലി നയിക്കുന്ന സീനിയര്‍ ടീമിനെ തിരഞ്ഞെടുത്തിട്ടുണ്ട്. അതില്‍ ഉള്‍പ്പെടാത്ത പ്രധാന കളിക്കാരാണ് ശ്രീലങ്കന്‍ പര്യടനത്തിലുണ്ടാവുക.

മലയാളി താരം സഞ്ജു സാംസണ്‍, ദേവദത്ത് പടിക്കല്‍, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍, ഭുവനേശ്വര്‍ കുമാര്‍, ചേതന്‍ സകരിയ തുടങ്ങിയവര്‍ ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്നു.

ശ്രീലങ്കയ്ക്കെതിരേ മൂന്ന് ഏകദിനവും മൂന്ന് ട്വന്റി 20-യും കളിക്കും. മത്സരങ്ങളെല്ലാം കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലായിരിക്കും. ഇതേസമയം വിരാട് കോലിയും സംഘവും ഇംഗ്ലണ്ടിലും കളിക്കുന്നതിനാല്‍ ഒരേസമയം രണ്ട് ഇന്ത്യന്‍ ടീമുകള്‍ കളിക്കുന്ന സാഹചര്യമുണ്ടാകും.

Content Highlights: Shikhar Dhawan Hardik Pandya Contenders To Lead India On Sri Lanka Tour