മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്ത. ലോകകപ്പിനിടെ വിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്ക് മാറി ടീം തിരഞ്ഞെടുപ്പില്‍ ഭാഗമാകും.

ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് പ്രഖ്യാപിക്കുക. മൂന്ന് വീതം ട്വന്റി 20-യും, ഏകദിനങ്ങളും രണ്ട് ടെസ്റ്റും അടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെയാണ് എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ന് പ്രഖ്യാപിക്കുക.

ഈ സാഹചര്യത്തിലാണ് ധവാന്‍ പരിക്ക് മാറി തിരിച്ചെത്തുന്നത്. ലോകകപ്പില്‍ ഓസീസിനെതിരായ മത്സരത്തിനിടെ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സറേറ്റ് ധവാന്റെ ഇടതു തള്ളവിരലിന് പൊട്ടലേല്‍ക്കുകയായിരുന്നു. ഇതോടെ അദ്ദേഹത്തിന് ലോകകപ്പിലെ ബാക്കി മത്സരങ്ങള്‍ നഷ്ടമായി. ധവാന്റെ പരിക്ക് ടീം കോമ്പിനേഷനെ തന്നെ സാരമായി ബാധിച്ചു. ഓസീസിനെതിരേ 109 പന്തില്‍ പിന്ന് 117 റണ്‍സെടുത്ത് മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് ധവാന് ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകുന്നത്.

അതേസമയം വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ അടുത്ത ലോകകപ്പ് മുന്നില്‍ കണ്ട് എന്തെല്ലാം മാറ്റങ്ങള്‍ക്ക് സെലക്ഷന്‍ കമ്മിറ്റി തയ്യാറാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ധോനി പിന്മാറുകയാണെന്ന് അറിയിച്ചതോടെ ഋഷഭ് പന്ത് വിക്കറ്റ് കീപ്പറാകും. ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹ രണ്ടാം വിക്കറ്റ് കീപ്പറായേക്കും.

ലോകകപ്പില്‍ കളിച്ച ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ് എന്നിവര്‍ക്ക് ഇനി അവസരം കിട്ടാന്‍ സാധ്യതകുറവാണ്. ഇതോടെ, ഒരുകൂട്ടം യുവതാരങ്ങള്‍ സീനിയര്‍ ടീമിലേക്ക് വിളി പ്രതീക്ഷിക്കുന്നു. കഴിഞ്ഞവര്‍ഷം അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടമണിയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മുന്‍നിര ബാറ്റ്സ്മാന്‍ ശുഭ്മാന്‍ ഗില്‍ ടീമിലെത്താന്‍ സാധ്യതയേറെയാണ്. കുറെക്കാലമായി ഇന്ത്യയുടെ തലവേദനയായ നാലാം നമ്പറില്‍ ശുഭ്മാന്‍ തിളങ്ങുമെന്ന പ്രതീക്ഷയുണ്ട്.

മധ്യനിരയിലേക്ക് നേരത്തേ കണ്ടുവെച്ച മനീഷ് പാണ്ഡെയും രണ്ടാംവരവിനുള്ള ശ്രമത്തിലാണ്. മനീഷ് വിന്‍ഡീസ് എ ടീമിനെതിരേ സെഞ്ചുറിനേടി. ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറ്റം കുറിച്ച പൃഥ്വി ഷാ മറ്റ് ഫോര്‍മാറ്റുകളിലും പരിഗണിക്കപ്പെടേണ്ട ബാറ്റ്സ്മാനാണെങ്കിലും ഇപ്പോള്‍ പരിക്കിലാണ്. ടെസ്റ്റില്‍ പൃഥ്വിക്ക് പകരം ഓപ്പണറായെത്തിയ മായങ്ക് അഗര്‍വാളും കൂടുതല്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു.

ബൗളര്‍മാരായ ജസ്പ്രീത് ബുംറയ്ക്കും ഹാര്‍ദിക് പാണ്ഡ്യയ്ക്കും വിന്‍ഡീസിനെതിരായ പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. ഹരിയാണക്കാരനായ വലംകൈയന്‍ പേസര്‍ നവദീപ് സൈനി, ഇടംകൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ്, ഉത്തര്‍പ്രദേശുകാരനായ പേസര്‍ ദീപക് ചഹാര്‍ തുടങ്ങിയവരാണ് പകരം പരിഗണനയിലുള്ളത്. ഓള്‍റൗണ്ടര്‍മാരായി ശ്രേയസ്സ് ഗോപാല്‍, ക്രുണാല്‍ പാണ്ഡ്യ എന്നീ പേരുകളുണ്ട്. സ്പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലും അവസരം കാത്തിരിക്കുന്നു.

Content Highlights: Shikhar Dhawan fully fit and available for selection for West Indies tour