കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ അണിനിരക്കുന്ന ഇന്ത്യന്‍ സംഘം വെറും രണ്ടാം നിര ടീമല്ലെന്ന് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം നായകന്‍ അരവിന്ദ ഡി സില്‍വ. ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായുള്ള പരമ്പരയില്‍ രണ്ടാംനിര ടീമിനെ അയച്ചു എന്ന പ്രശ്‌നത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കനക്കുമ്പോഴാണ് സില്‍വ അഭിപ്രായവുമായി രംഗത്തെത്തിയത്.

'ശ്രീലങ്കയ്‌ക്കെതിരേ കളിക്കുന്ന ഇന്ത്യന്‍ ടീം ഒരിക്കലും രണ്ടാംനിര സംഘമല്ല. ഇന്ത്യയ്ക്ക് അതിസമ്പന്നമായ താരനിരയുണ്ട്. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ പ്രതിഭാധനരായ ഒട്ടേറെ താരങ്ങളുണ്ട്. ശ്രീലങ്കയ്ക്ക് അവരെ തോല്‍പ്പിക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല. ഇന്ത്യയെ കീഴടക്കാനായാല്‍ അത് വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് ആത്മവിശ്വാസം പകരും.'- അരവിന്ദ ഡി സില്‍വ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുള്ളതിനാല്‍ ഇന്ത്യയുടെ പ്രധാന താരങ്ങളായ നായകന്‍ വിരാട് കോലി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയവര്‍ക്കെല്ലാം ശ്രീലങ്കൻ പര്യടനം നഷ്ടമായി. അതിനുപകരം  ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്​വാദ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ തുടങ്ങിയ താരങ്ങളെല്ലാം ഇന്ത്യന്‍ ടീമില്‍ ഇടം നേടി. രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ പരിശീലകന്‍. 

Content Highlights: Shikhar Dhawan & Co. not a second-string team, would be a challenge to beat them: Arvinda de Silva