ന്യൂഡൽഹി: വനിതാ ക്രിക്കറ്റിനെ ജനപ്രിയമാക്കാൻ ചെറിയ പന്തുകൾ ഉപയോഗിക്കുന്നതിനും പിച്ചിന്റെ നീളം കുറയ്ക്കുന്നതിനുമെതിരേ ഇന്ത്യൻ വനിതാ ബൗളർ ശിഖ പാണ്ഡെ. നിയമങ്ങളിൽ വെള്ള പൂശുന്നത് ശരിയല്ലെന്നും ശിഖ വ്യക്തമാക്കുന്നു. ക്രിക്കറ്റിനെ കൂടുതൽ ആകർഷകമാക്കാൻ വേണ്ടത് പുതിയ വിപണനരീതികളും നിക്ഷേപവുമാണ്. അല്ലാതെ നടക്കുമോ ഇല്ലയോ എന്ന് യാതൊരു ഉറപ്പുമില്ലാത്ത നവീകരണങ്ങളല്ല. ശിഖ ചൂണ്ടിക്കാട്ടുന്നു.

വനിതാ ക്രിക്കറ്റിനെ നവീകരിക്കാനുള്ള മാർഗങ്ങൾ തേടി ഐ.സി.സി നടത്തിയ വെബിനാറിൽ പങ്കെടുത്ത ഇന്ത്യൻ താരം ജമീമ റോഡ്രിഗസും ന്യൂസീലൻഡ് ക്യാപ്റ്റൻ സോഫി ഡിവൈനും മുന്നോട്ടുവെച്ചത് ചെറിയ പന്തും നീളം കുറഞ്ഞ പിച്ചുമെന്ന ആശയമാണ്. ഇതിനെതിരേ ട്വിറ്ററിലൂടെ മറുപടി നൽകുകയായിരുന്നു ശിഖ.

ഒളിമ്പിക് മത്സരത്തിൽ പുരുഷ താരം 100 മീറ്റർ ഓടുമ്പോൾ അതേ ഇനത്തിൽ വനിതാ താരം 80 മീറ്റർ മാത്രം ഓടിയാൽ വിജയിക്കില്ല. അതുകൊണ്ടുതന്നെ പിച്ചിന്റെ നീളം കുറയ്ക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. അധികദൂരം അടിക്കാൻ കഴിയാത്തതിനാലാണ് പന്തിന്റെ വലിപ്പം കുറയ്ക്കാൻ പറഞ്ഞതെന്ന വാദത്തേയും ശിഖ എതിർത്തു. മികച്ച പവർ ഹിറ്റിങ്ങിന് കഴിവുള്ള താരങ്ങൾ വനിതാ ക്രിക്കറ്റിലുണ്ടെന്നും ബൗണ്ടറികളെ ഇനിയും അകത്തേക്കു കൊണ്ടുവരരുതെന്നും ശിഖ കൂട്ടിച്ചേർത്തു.

വനിതാ ക്രിക്കറ്റിനെ പുരുഷ ക്രിക്കറ്റുമായി താരതമ്യം ചെയ്യരുത്. രണ്ടും വളരെയധികം വ്യത്യാസമുണ്ട്. ഓസ്ട്രേലിയക്കെതിരേ നടന്ന ട്വന്റി-20 ലോകകപ്പ് ഫൈനൽ ദശലക്ഷത്തോളം പേരാണ് ടെലിവിഷൻ സ്ക്രീനിൽ കണ്ടത്. കളി കാണാൻ സ്റ്റേഡിയത്തിലെത്തിയത് എൺപതിനായിരത്തിൽ അധികം കാണികളാണ്. അതുകൊണ്ടുതന്നെ വനിതാ ക്രിക്കറ്റിനെ വ്യത്യസ്തമായ ഒരു കായിക ഇനമായി കാണേണ്ടതുണ്ട്. ശിഖ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ മികച്ച പേസ് ബൗളർമാരിൽ ഒരാളാണ് ശിഖ. 104 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 113 വിക്കറ്റും ശിഖയുടെ അക്കൗണ്ടിലുണ്ട്.

Content Highlights: Shikha Pandey on women cricket changes