ഹാമില്‍ട്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തിയത് ലോകേഷ് രാഹുലിനെ പുറത്താക്കിയതായിരുന്നു. ഏകദിനത്തിലും ട്വന്റി-20 യിലും മിന്നുന്ന ഫോമിലായിരുന്ന താരത്തെ ടെസ്റ്റില്‍ ഓപ്പണറായി ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും മായങ്ക് അഗര്‍വാളിനൊപ്പം പൃഥ്വി ഷായെയാണ് സെലക്ടര്‍മാര്‍ പരിഗണിച്ചത്. ഒപ്പം ശുഭ്മാന്‍ ഗില്ലും ഇടംപിടിച്ചു.

ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്ത് മികച്ച ഫോമിലാണ് കര്‍ണാടക താരം  മായങ്ക് അഗര്‍വാള്‍. എന്നാല്‍, ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തില്‍ വന്‍പരാജയമായി. എങ്കിലും ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഓപ്പണറായി അഗര്‍വാളുണ്ടാകുമെന്ന് ഉറപ്പാണ്. അഗര്‍വാളിന്റെ കൂടെ ആരെ ഇറക്കും എന്നതാണ് ഇപ്പോഴത്തെ ആശങ്ക. ന്യൂസീലന്‍ഡ് ഇലവനെതിരായ ത്രിദിന സന്നാഹമത്സരത്തിന്റെ ഇന്ത്യയുടെ ആദ്യ ഇന്ന്ങ്‌സ് അവസാനിക്കുമ്പോള്‍ ഈ ആശങ്ക വര്‍ധിക്കുന്നു.
 
ഓപ്പണര്‍മാരായ കണ്ടുവെച്ച  പൃഥ്വി ഷായും ശുഭ്മാന്‍ ഗില്ലും സംപൂജ്യരായാണ് മടങ്ങിയത്. പൃഥ്വി നാല് പന്ത് മാത്രം നേരിട്ടപ്പോള്‍ ഗില്‍ വന്ന പന്തില്‍ തന്നെ മടങ്ങി.

ഇത് ടീം മാനേജ്‌മെന്റിനെ ഇരുത്തി ചിന്തിപ്പിക്കും. മത്സരപരിചയം കുറവായ പൃഥ്വിയെയും ഗില്ലിനെയും ഓപ്പണറായി ഇറക്കണോ അതോ മറ്റാരെങ്കിലും ഓപ്പണറാക്കണോ എന്ന ചിന്ത ക്യാപ്റ്റനിലുണ്ടാകും. 
Content Highlights: Prtithvi Shaw or Shubman Gill, india needs a new opener