Rishabh Pant | Photo: Hannah Peters/Getty Images
ന്യൂഡല്‍ഹി: ന്യൂസീലന്‍ഡിനെതിരായ മൂന്നാം മത്സരത്തിലും ഋഷഭ് പന്ത് പരാജയപ്പെട്ടതോടെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ആരാധകര്‍. മൂന്നാം ഏകദിനത്തില്‍ 16 പന്തില്‍ 10 റണ്‍സ് മാത്രമാണ് താരം നേടിയത്. ഡാരില്‍ മിച്ചലിന് വിക്കറ്റ് നല്കി പന്ത് മടങ്ങുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെയും ക്യാപ്റ്റന്‍ ശിഖര്‍ ധവാനെതിരെയും രൂക്ഷ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.
പന്തിന് സെഞ്ചുറി നഷ്ടമായത് വെറും 90 റണ്സിനാണെന്നാണ് ആരാധകരുടെ പരിഹാസം. തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടും മികച്ച ഒരു ഇന്നിങ്സ് പോലും നന്നായി കളിക്കാത്ത പന്തിനെ എന്തിനാണ് ടീമില്‍ നിലനിര്ത്തുന്നതെന്നാാണ് ആരാധകര്‍ ചോദിക്കുന്നത്. മികച്ച ഫോമില്‍ കളിക്കുന്ന സഞ്ജു സാംസണ് പുറത്തിരിക്കുമ്പോഴാണ് പന്തിന് അവസരങ്ങള്‍ ലഭിച്ച് കൊണ്ടിരിക്കുന്നത് എന്നത് ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ വിമര്‍ശനം.
ഇതിനിടെ വിഷയത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പിയും രംഗത്തെത്തി. ഋഷഭ് പന്ത് ഒരിക്കല്‍ കൂടി പരാജയപ്പെട്ടിരിക്കുന്നുവെന്നും ഏകദിന- ട്വന്റി ട്വന്റി മത്സരങ്ങളില്‍ പന്തിന് ബ്രേക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരിക്കല്‍ കൂടി സഞ്ജു സാംസണ് അവസരം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. തന്റെ കഴിവ് തെളിയിക്കാന്‍ സഞ്ജു ഇനി ഐ.പി.എല്‍ വരെ കാത്തിരിക്കണമെന്നും തരൂര്‍ പറഞ്ഞു.
നേരത്തെ, നാലാം നമ്പറില്‍ പന്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അതിനാല്‍ അദ്ദേഹത്തെ തിരിച്ചെത്തിക്കേണ്ടത് അത്യാവശ്യമാണെന്നും ഇന്ത്യന്‍ പരിശീലകന് വി.വി.എസ് ലക്ഷ്മണ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായി, കഴിഞ്ഞ 11 ഇന്നിങ്സുകളില്‍ 10 എണ്ണത്തിലും പന്ത് പരാജയപ്പെട്ടുവെന്ന് തരൂര്‍ പറഞ്ഞു. 66 ആണ് സഞ്ജു സാംസണിന്റെ ബാറ്റിങ് ശരാശരി. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും റണ്‍സ് കണ്ടെത്തിയിട്ടും ഇപ്പോഴും ബെഞ്ചിലാണ് സഞ്ജുവിന്റെ സ്ഥാനമെന്നും തരൂര്‍ പറഞ്ഞു
.
Content Highlights: Shashi Tharoor’s Tweet On Sanju Samson Vs Rishabh Pant Goes VIRAL
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..