മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് പരിക്ക്. ഭുവനേശ്വറിന് പകരം ശര്‍ദ്ദുല്‍ ഠാക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തി. 2018 സെപ്റ്റംബറില്‍ നടന്ന ഏഷ്യാ കപ്പിലാണ് ശര്‍ദ്ദുല്‍ ഠാക്കൂര്‍ അവസാനമായി ഏകദിന മത്സരം കളിച്ചത്. ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഒരു ടെസ്റ്റ് മത്സരവും കളിച്ചു. ഞായറാഴ്ച്ചയാണ് വിന്‍ഡീസിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്.

കഴിഞ്ഞ ബുധനാഴ്ച്ച നടന്ന വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി-20യ്ക്ക് ശേഷം അരക്കെട്ടിന് വേദനയുള്ളതായി ഭുവനേശ്വര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ ടീമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഭുവനേശ്വറിന് പരിക്കേറ്റതായി കണ്ടെത്തി. താരത്തിന്റെ പരിക്ക് വിദഗ്ദ്ധര്‍ പരിശോധിച്ചുവരികയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ച് ഭരത് അരുണ്‍ പ്രതികരിച്ചു. 

2018 ഐ.പി.എല്ലിന് ശേഷം ഭുവനേശ്വര്‍ തുടര്‍ച്ചയായ പരിക്കിന്റെ പിടിയിലാണ്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടയിലും ഭുവനേശ്വറിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ഏകദിന ലോകകപ്പിനിടെ തുടയില്‍ പരിക്കേറ്റിരുന്നു. ഇന്ത്യയില്‍ നടന്ന ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരായ മത്സരങ്ങളും ഭുവനേശ്വറിന് നഷ്ടപ്പെട്ടിരുന്നു. 

പരിക്കിനെ തുടര്‍ന്ന് വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് പുറത്താകുന്ന രണ്ടാമത്തെ താരമാണ് ഭുവനേശ്വര്‍ കുമാര്‍. ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ നേരത്തെ പുറത്തായിരുന്നു. ഡല്‍ഹിക്ക് വേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ കളിക്കുന്നിതിനിടെയാണ് ധവാന് പരിക്കേറ്റത്. തുടര്‍ന്ന് വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയും നഷ്ടമായിരുന്നു. സഞ്ജു വി സാംസണെയാണ് പകരം ടീമിലെടുത്തത്. ഇനി ഏകദിന പരമ്പരയില്‍ ധവാന് പകരം മായങ്ക് അഗര്‍വാള്‍ കളിക്കും. 

Content Highlights: Shardul Thakur to replace Bhuvneshwar Kumar India vs West Indies series