മുംബൈ: ഒരു പരമ്പരക്ക് ശേഷം വിമാനത്തില്‍ മുംബൈയിലെത്തി പിന്നീട് നേരെ ലോക്കല്‍ ട്രെയ്‌നില്‍ കയറി വീട്ടിലേക്ക് പോകുക. ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല അത്. എന്നാല്‍ ഇന്ത്യയുടെ യുവതാരം ശ്രദ്ധുല്‍ ഠാക്കൂര്‍ മുംബൈയിലെ ലോക്കല്‍ ട്രെയ്‌നില്‍ 'കൂളായി' യാത്ര ചെയ്തു. ടാക്‌സിയോ മറ്റു വാഹങ്ങളോ ഒഴിവാക്കിയാണ് ശ്രദ്ധുല്‍ ഒന്നര മണിക്കൂറോളം മുംബൈയിലെ ലോക്കല്‍ ട്രെയ്‌നില്‍ യാത്ര ചെയ്ത് പാല്‍ഗറിലെ വീട്ടിലെത്തിയത്.

ദക്ഷിണാഫ്രിക്കയില്‍ പരമ്പര കളിച്ച ഇന്ത്യയുടെ ഏകദിന, ടിട്വന്റി ടീമില്‍ ശ്രദ്ധുല്‍ കളിച്ചിരുന്നു. രണ്ട് മത്സരങ്ങള്‍ കളിച്ച ഇരുപത്തിയാറുകാരന്‍ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഇന്ത്യന്‍ ടീമില്‍ എത്തുന്നതിനു മുമ്പേയുള്ള ശീലമാണിതെന്നും അത് ജീവിതത്തിന്റെ ഭാഗമായിപ്പോയെന്നും യുവതാരം പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രദ്ധുല്‍ ഇക്കാര്യം പറഞ്ഞത്.

'ഞാന്‍ നേരെ ബിസിനിസ് ക്ലാസ്സില്‍ നിന്ന് ഫസ്റ്റ് ക്ലാസിലേക്ക് മാറുകയായിരുന്നു. അന്ധേരിയില്‍ നിന്ന് ട്രെയ്ന്‍ കയറുമ്പോള്‍ പെട്ടെന്ന് വീട്ടിലെത്തണമെന്നായിരുന്നു മനസ്സിലുണ്ടായിരുന്നത്. ഹെഡ് ഫോണ്‍ ചെയിവില്‍ വെച്ച് പാട്ടും കേട്ടാണ് ട്രെയ്‌നിലിരുന്നത്. മറ്റു യാത്രക്കാര്‍ എന്നെ തിരിച്ചറിയുമെന്നൊന്നും അപ്പോള്‍ ആലോചിച്ചില്ല. ഞാന്‍ ഒരു സാധാരണക്കാരനെപ്പോലെയാണ് അപ്പോള്‍ ചിന്തിച്ചത്. എന്റെ കംപാര്‍ട്‌മെന്റിലെ ആളുകള്‍ എന്നെ അദ്ഭുതത്തോടെ നോക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ ശരിക്കും ശ്രദ്ധുല്‍ ഠാക്കൂര്‍ തന്നെയാണോ എന്നാണ് അവര്‍ക്ക് സംശയമുണ്ടായിരുന്നത്. അവിടെയുണ്ടായിരുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ ഗൂഗിളില്‍ എന്റെ ഫോട്ടോ സേര്‍ച്ച് ചെയ്യുന്നത് ഞാന്‍ കണ്ടു. എന്നിട്ട് എന്നോട് വന്ന് സെല്‍ഫിയെടുക്കട്ടെ എന്നു ചോദിച്ചു' ശ്രദ്ധുല്‍ പറയുന്നു.

ഞാന്‍ സ്ഥിരമായി യാത്ര ചെയ്യാറുള്ള ട്രെയ്‌നായതിനാല്‍ പരിചയക്കാരുമുണ്ടായിരുന്നു. അവര്‍ മറ്റു യാത്രക്കാരോട് എന്നെ ചൂണ്ടിക്കാണിച്ചിട്ട് 'ഇവനിപ്പോള്‍ ഇന്ത്യക്കുവേണ്ടിയാണ് കളിക്കുന്നത്' എന്ന് പറയുന്നത് ഞാന്‍ കേട്ടു. അതുവളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഒരു ഇന്ത്യന്‍ താരം ലോക്കല്‍ ട്രെയ്‌നിലോ എന്ന അദ്ഭുതമായിരുന്നു അപ്പോള്‍ അവരുടെയെല്ലാം മുഖത്തുണ്ടായിരുന്നത്. ശ്രദ്ധുല്‍ വ്യക്തമാക്കി. 

ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടിട്വന്റി ടീമിലും ശ്രദ്ധുല്‍ ഇടംനേടിയിട്ടുണ്ട്. ശ്രീലങ്കയേയും ഇന്ത്യയേയും കൂടാതെ ബംഗ്ലാദേശാണ് പരമ്പരയിലെ മറ്റൊരു രാജ്യം.

Content Highlights: Shardul Thakur shares his journey on boarding the local train from Mumbai