മുംബൈ: ദേശീയ സെലക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യന്‍ താരം ശര്‍ദ്ധുല്‍ ഠാക്കൂര്‍. പരിക്കില്‍ നിന്ന് മോചിതനായ ശേഷം സെലക്ടര്‍മാര്‍ തന്നോട് ഒരിക്കല്‍പോലും സംസാരിച്ചില്ലെന്ന് ശര്‍ദ്ധുല്‍ പറയുന്നു. ഹൈദരാബാദില്‍ ഒക്ടോബറില്‍ വിന്‍ഡീസിനെതിരെയായിരുന്നു ശര്‍ദ്ധുലിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഇതിനിടെ പരിക്കേറ്റ താരത്തിന് പത്ത് പന്തുകള്‍ മാത്രമാണ് എറിയാനായത്. ഇതിന് ശേഷം ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല.

വാംഖഡെയില്‍ നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ഛത്തീസ്ഗഢിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ 47 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു ശര്‍ദ്ധുല്‍. ആ ഇന്നിങ്‌സില്‍ മുംബൈ ഛത്തീസ്ഗഢിനെ 149 റണ്‍സിന് പുറത്താക്കുകയും ചെയ്തു. രണ്ടിന്നിങ്‌സിലുമായി ശര്‍ദ്ധുല്‍ 79 റണ്‍സിന് എട്ടു വിക്കറ്റെടുക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് സെലക്ഷന്‍ കമ്മിറ്റി തന്നെ അവഗണിക്കുന്നതിനെ കുറിച്ച് താരം സംസാരിച്ചത്. 'പരിക്കില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഓരോ ദിവസവും എന്റെ ബൗളിങ് മെച്ചപ്പെടുന്നുണ്ട്‌. പുതുവര്‍ഷത്തില്‍ വിദര്‍ഭയ്‌ക്കെതിരായ മത്സരത്തില്‍ ഇതുകാണാം. ആദ്യ ദിവസത്തില്‍ നിന്ന് ഏറെ മികച്ച രീതിയിലാണ് രണ്ടാം ദിവസം ഞാന്‍ കളിച്ചത്. വാംഖഡെയില്‍ ഛത്തീസ്ഗഢിനെതിരേയും മികച്ച ബൗളിങ് പുറത്തെടുത്തു.' ശര്‍ദ്ധുല്‍ പറയുന്നു. 

Content Highlights: Shardul Thakur reveals no communication with BCCI or selectors since injury