ഹൈദരാബാദ്: ഏറെ കാത്തിരുന്ന് ലഭിച്ച വെളുത്ത ജേഴ്‌സിയിലെ അരങ്ങേറ്റം ഇനിമുതല്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ശാര്‍ദുല്‍ താക്കൂര്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത മത്സരമായിരിക്കും.

എന്നും മനസില്‍ സൂക്ഷിക്കേണ്ട അരങ്ങേറ്റ മത്സരത്തില്‍ വെറും 10 പന്തുകള്‍ മാത്രമെറിഞ്ഞ ശാര്‍ദുല്‍ പരിക്കേറ്റ് മടങ്ങുകയായിരുന്നു. അടിവയറ്റിലാണ് താരത്തിന് പരിക്കേറ്റത്.

മത്സരത്തിന്റെ നാലാം ഓവറിലെ നാലാം പന്ത് എറിഞ്ഞ ശേഷമാണ് ശാര്‍ദുലിന് വേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ടീം ഫിസിയോ പാട്രിക്ക് ഫാര്‍ഹാര്‍ട്ട് താരത്തിനടുത്തെത്തി പരിശോധന നടത്തി. ഏതാനും മിനിറ്റുകള്‍ക്കു ശേഷം ഫിസിയോയുടേയും കോലിയുടേയും നിര്‍ദേശമനുസരിച്ച് ശാര്‍ദുല്‍ മൈതാനം വിടുകയായിരുന്നു. 

ഓവറില്‍ ശേഷിക്കുന്ന പന്തുകകളെറിഞ്ഞത് രവിചന്ദ്രന്‍ അശ്വിനായിരുന്നു. ശാര്‍ദുലിനെ സ്‌കാനിങ്ങിന് വിധേയനാക്കിയെന്നും ആദ്യ ദിനം അദ്ദേഹം കളിക്കാനിറങ്ങില്ലെന്നും ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ശാര്‍ദുലിന് തുടര്‍ന്നും കളിക്കാനാകുമോ എന്ന കാര്യം സ്‌കാനിങ് റിപ്പോര്‍ട്ട് വന്ന ശേഷമേ അറിയൂ.

ടെസ്റ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്ന 294-ാം താരമാണ് ശാര്‍ദുല്‍. പരിശീലകന്‍ രവി ശാസ്ത്രിയാണ് താരത്തിന് ടെസ്റ്റ് ക്യാപ് കൈമാറിയത്. അതേസമയം പരിക്കുണ്ടായിരുന്ന താരത്തെ ടീമിലുള്‍പ്പെടുത്തിയത് ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. 

സെപ്റ്റംബറില്‍ ഹോങ് കോങ്ങിനെതിരേ നടന്ന ഏഷ്യാ കപ്പ് മത്സരത്തിനിടെ ഇടുപ്പിന് പരിക്കേറ്റ് ശാര്‍ദുല്‍ മടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് വിന്‍ഡീസിനെതിരായ ടെസ്റ്റ്-ഏകദിന പരമ്പരയ്ക്കുള്ള ടീമിലും താരത്തിന് ഇടം നല്‍കിയത്. മുഹമ്മദ് സിറാജിനെ പോലുള്ള താരങ്ങള്‍ മികച്ച ശാരീരിക ക്ഷമതയോടെ ടീമിലുള്ളപ്പോള്‍ ശാര്‍ദുലിന് അവസരം നല്‍കിയതിന് ടീം മാനേജ്‌മെന്റ് മറുപടി പറയേണ്ടതായി വന്നേക്കും.

Content Highlights: shardul thakur limps off the field due to a groin strain on debut