ലണ്ടന്‍: തനിക്കൊപ്പം ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ശാര്‍ദുല്‍ താക്കൂറും അര്‍ഹിച്ചിരുന്നുവെന്ന് ഇന്ത്യയ്ക്കായി സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ രോഹിത് ശര്‍മ. രോഹിത്തിനെയാണ് കളിയിലെ താരമായി തിരഞ്ഞെടുത്തത്. 

നാലാം ടെസ്റ്റില്‍ 157 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്ത് പരമ്പരയില്‍ 2-1ന് മുന്നിലെത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ കെന്നിങ്ടണ്‍ ഓവലില്‍ ഇന്ത്യ നേടിയ ആദ്യ വിജയമായിരുന്നു ഇത്. 

ഇന്ത്യയ്ക്കായി രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ചുറി നേടുകയും നിര്‍ണായക സമയത്ത് ജോ റൂട്ടിന്റേതടക്കമുള്ള വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത താരമാണ് താക്കൂര്‍. 

ഒന്നാം ഇന്നിങ്സില്‍ വെറും 36 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഏഴു ഫോറുമടക്കം 57 റണ്‍സെടുത്ത താക്കൂര്‍ രണ്ടാം ഇന്നിങ്സില്‍ 72 പന്തില്‍ നിന്ന് ഏഴു ഫോറും ഒരു സിക്സുമടക്കം 60 റണ്‍സെടുത്തു. ജോ റൂട്ടിന്റേതടക്കം നിര്‍ണായകമായ മൂന്ന് വിക്കറ്റുകളും താരം മത്സരത്തില്‍ സ്വന്തമാക്കി. 


''ശാര്‍ദുലിന്റേത് ഒരു മാച്ച് വിന്നിങ് പ്രകടനം തന്നെയായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ അദ്ദേഹം മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. ടീമിന് നിര്‍ണായക ബ്രേക്ക് ത്രൂ സമ്മാനിച്ചതും ജോ റൂട്ടിന്റെ അതിപ്രധാനമായ വിക്കറ്റ് വീഴ്ത്തിയതും ശാര്‍ദുലായിരുന്നു.'' - രോഹിത് പറഞ്ഞു. 

''അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം എങ്ങനെ മറക്കാനാണ്. ബാറ്റിങ്ങിനിറങ്ങി ഒന്നാം ഇന്നിങ്‌സില്‍ 31 പന്തില്‍ 50 റണ്‍സടിക്കുക. അദ്ദേഹം ബാറ്റിങ് ഇഷ്ടപ്പെടുന്നു മാത്രമല്ല അതിനായി നന്നായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്.'' - രോഹിത് കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ രോഹിത് ശര്‍മ രണ്ടാം ഇന്നിങ്‌സില്‍ 127 റണ്‍സെടുത്തിരുന്നു.

Content Highlights: Shardul Thakur Deserves Man Of The Match award Rohit Sharma