Photo: twitter.com/HeatBBL
ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ഓസ്ട്രേലിയയുടെ ഷെയ്ന് വോണ്‍. കളിയെ കൃത്യമായി വായിച്ചെടുക്കുകയും അതിനനുസരിച്ച് തന്ത്രങ്ങള്‍ മെനയുകയും ചെയ്തിരുന്ന ഒരു ക്രിക്കറ്റിങ് ജീനിയസ് കൂടിയായിരുന്നു വോണ്‍ എന്ന് തെളിയിക്കുന്ന നിരവധി അവസരങ്ങള്‍ക്ക് ക്രിക്കറ്റ് ലോകം സാക്ഷിയായിട്ടുണ്ട്.
ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 2011-ലെ ബിഗ്ബാഷ് ലീഗ് മത്സരത്തിനിടെ ബ്രിസ്ബെയ്ന്‍ ഹീറ്റിന്റെ ന്യൂസീലന്‍ഡ് താരം ബ്രെണ്ടന്‍ മക്കല്ലത്തെ എങ്ങനെയാണ് പുറത്താക്കാന്‍ പോകുന്നതെന്ന് കമന്റേറ്റര്‍മാരോട് പറഞ്ഞ വോണ്‍, ആ പറഞ്ഞത് പോലെ തന്നെ മക്കല്ലത്തിന്റെ കുറ്റി പിഴുത് താരമാകുകയായിരുന്നു.
2011-ല്‍ ബ്രിസ്ബെയ്ന്‍ ഹീറ്റ് - മെല്‍ബണ്‍ സ്റ്റാര്‍സ് മത്സരത്തിനിടെയായിരുന്നു ഈ സംഭവം. മെല്‍ബണ്‍ സ്റ്റാര്‍സിന്റെ താരമായ വോണ്‍ ഈ സമയം കമന്റേറ്റര്‍മാരുമായി ആശയവിനിമയം നടത്താന്‍ മൈക്രോഫോണ്‍ ധരിച്ചിരുന്നു. പത്താം ഓവറിലെ മൂന്നാം പന്തിന് മുമ്പ് വോണിനോട് മക്കല്ലത്തെ വീഴ്ത്താന്‍ എന്താണ് പദ്ധതിയെന്ന് കമന്റേറ്റര്‍മാര്‍ ചോദിച്ചു.
''അവന് (മക്കല്ലം) ഒരു ഇന്‍സൈഡ് ഔട്ട് ഷോട്ടിന് ശ്രമിച്ചേക്കുമെന്നാണ് തോന്നുന്നത്. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചത് കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം ഈ പന്ത് സ്വീപ് ചെയ്യാനാകും ശ്രമിക്കുക. അതിനാല്‍ ഞാന്‍ ഈ പന്ത് കുറച്ച് വേഗത്തില്‍ സ്ലൈഡ് ചെയ്ത് എറിയും'' - വോണ്‍ പന്തെറിയുന്നതിനൊപ്പം തന്നെ മറുപടി നല്കി.
പറഞ്ഞതു പോലെ വോണ്‍ പന്തിന്റെ വേഗം കൂട്ടിയെറിഞ്ഞു. അദ്ദേഹം പ്രവചിച്ചതു പോലെ മക്കല്ലം ശ്രമിച്ചത് സ്വീപ് ഷോട്ടിന്. വോണിന്റെ പന്തിന്റെ വേഗതയില്‍ പിഴച്ച മക്കല്ലത്തെ കടന്ന് പന്ത് വിക്കറ്റില്‍. സെക്കന്‍ഡുകള്‍ക്ക് മുമ്പ് കമന്റേറ്റര്‍മാരോട് പറഞ്ഞതു പോലെ തന്നെ മക്കല്ലത്തിന്റെ വിക്കറ്റ് വോണിന് സ്വന്തം.
Content Highlights: shane warne tells commentators how he is going to dismiss brendon mcCullum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..