കാന്‍ബറ: കോവിഡിനു ശേഷം ക്രിക്കറ്റ് മത്സരങ്ങള്‍ സാധാരണ നിലയിലേക്കെത്തുമ്പോള്‍ ബൗളര്‍മാര്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി പന്തിന്റെ തിളക്കം കൂട്ടാന്‍ ഇനി പഴയപോലെ ഉമിനീരും വിയര്‍പ്പുമൊന്നും ഉപയോഗിക്കാന്‍ സാധിക്കില്ലെന്നതാണ്.

കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത് ആരോഗ്യ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതു തന്നെയാണ് കാരണം. കോവിഡിനു ശേഷം പന്തിന്റെ തിളക്കം കൂട്ടാന്‍ കൃത്രിമ വസ്തുക്കള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഐ.സി.സി അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ക്രിക്കറ്റ് പന്തുകളുടെ തിളക്കം കൂട്ടാന്‍ ബൗളര്‍മാര്‍ക്ക് ഉപയോഗിക്കാവുന്ന വാക്സ് നിര്‍മിച്ച് ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് സാമഗ്രികളുടെ നിര്‍മാതാക്കളായ കൂക്കാബുറയും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഇതിനെല്ലാം പകരം ഉപയോഗിക്കാവുന്ന പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍. പന്തിന്റെ ഒരു ഭാഗത്തിന്റെ ഭാരം വര്‍ധിപ്പിച്ചാന്‍ അത് സ്വിങ് ലഭിക്കാന്‍ സഹായിക്കുമെന്നാണ് വോണിന്റെ അഭിപ്രായം.

''പന്തിന്റെ ഒരുഭാഗത്തിന് കനംകൂട്ടിയാല്‍ ഫ്ലാറ്റ് വിക്കറ്റുകളില്‍പോലും പേസര്‍മാര്‍ക്ക് പന്ത് സ്വിങ് ചെയ്യിക്കാന്‍ കഴിയും. പന്ത് ചുരണ്ടലിന് ശാശ്വതമായ ഒരു പരിഹാരവുമാകും ഇത്. ബാറ്റും ബോളും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തുകയും ചെയ്യാം'', വോണ്‍ ചൂണ്ടിക്കാട്ടി. സ്‌കൈ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിക്കറ്റ് ബാറ്റിങ് കാലാകാലങ്ങളായി എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്നും വോണ്‍ ചോദിച്ചു. അതുപോലെ പന്തുകള്‍ക്കും മാറ്റമുണ്ടാകട്ടെയെന്നും പന്തുകളുടെ പുതിയ മാറ്റത്തിനായി വാദിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് ഭീഷണിക്കു ശേഷം മത്സരങ്ങള്‍ പുനഃരാരംഭിച്ചാലും പന്തില്‍ തുപ്പല്‍ പുരട്ടുന്നത് ഉള്‍പ്പെടെയുള്ള അനാരോഗ്യകരമായ കാര്യങ്ങളില്‍ ഐ.സി.സിയുടെ മെഡിക്കല്‍ കമ്മിറ്റി എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്.

അതേസമയം കോവിഡ് 19-ന് ശേഷം ക്രിക്കറ്റ് പരിശീലനം പുനഃരാരംഭിച്ചാലും പന്തിന്റെ തിളക്കം കൂട്ടാന്‍ ഉമിനീരും വിയര്‍പ്പും ഉപയോഗിക്കുന്നത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിലക്കിയിട്ടുമുണ്ട്. മെഡിക്കല്‍ വിദഗ്ധര്‍, കായിക സംഘടനകള്‍, ഫെഡറല്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരുമായി കൂടിയാലോചിച്ച് ഓസ്ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്ട് (എ.ഐ.എസ്) ആണ് ഉമിനീര്‍, വിയര്‍പ്പ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

Content Highlights: Shane Warne suggests using weighted balls to avoid saliva and tampering after COVID-19