മെല്‍ബണ്‍: ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെതിരേ രൂക്ഷവിമര്‍ശനവുമായി ഷെയ്ന്‍ വോണ്‍ വീണ്ടും രംഗത്ത്. പാകിസ്താനെതിരേ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് വോണ്‍ ഓസീസ് ടീമിനെ പരിഹസിച്ചത്. രണ്ടാം ടെസ്റ്റില്‍ 373 റണ്‍സിനായിരുന്നു ഓസീസിന്റെ തോല്‍വി.

ഓസീസ് ടീമിനെ എല്ലാവരും പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ ഇപ്പോള്‍ പിന്നില്‍ നിന്ന് ഒരു ചവിട്ടാണ് ടീമിന് വേണ്ടത്. പ്രകടനം മെച്ചപ്പെടുത്താന്‍ ആ ചവിട്ട് അത്യാവശ്യമാണ്. ടീമിന്റെ പ്രകടനം ഇപ്പോള്‍ മോശമാണെന്ന് പറയാതെ വയ്യ. വോണ്‍ വ്യക്തമാക്കി. 

ഓസ്‌ട്രേലിയയുടെ വൈസ് ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായി മിച്ചല്‍ മാര്‍ഷിനേയും വോണ്‍ വിമര്‍ശിക്കുന്നു. 'പരമ്പര തുടങ്ങുന്നതിന് മുമ്പേ മാര്‍ഷ് ഫോമിലായിരുന്നില്ല. ഫോം കണ്ടെത്താന്‍ വിഷമിച്ച താരത്തെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തത് തന്നെ അവിശ്വസനീയമാണ്. ഓള്‍റൗണ്ടറായ താരത്തിന്റെ ബാറ്റിങ് ശരാശരി 26-ല്‍ താഴെ മാത്രമാണ്. മാര്‍ഷ് സഹോദരന്‍മാരുടെ ആരാധകനാണ് ഞാന്‍. എന്നാല്‍ ഇരുവരും റണ്‍സ് കണ്ടെത്തേണ്ടതുണ്ട്. അതിന് കഴിയുന്നില്ലെങ്കില്‍ ഫോമിലുള്ള മറ്റു താരങ്ങള്‍ക്ക് അവസരം നല്‍കുകയാണ് വേണ്ടത്'- വോണ്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Shane Warne says Australia cricket need kick up backside