മെല്‍ബണ്‍: മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനെ ഐ.പി.എല്ലില്‍ നിന്ന് വിലക്കണമെന്ന് താന്‍ അവശ്യപ്പെട്ടുവെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തള്ളി മുന്‍ ഓസീസ് താരം ഷെയ്ന്‍ വോണ്‍.

വരുന്ന ഐ.പി.എല്‍ സീസണില്‍ ഡല്‍ഹിയെ പരിശീലിപ്പിക്കാന്‍ പോണ്ടിങ്ങിനെ അനുവദിക്കരുതെന്ന് വോണ്‍ പറഞ്ഞതായാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്. 

'പണ്ടറിനെ ഐ.പി.എല്ലില്‍ നിന്ന് വിലക്കണമെന്ന് ഞാന്‍ പറഞ്ഞെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് ഓസ്‌ട്രേലിയയുടെ സഹപരിശീലകനായതിനാല്‍ ഡല്‍ഹിയെ പരിശീലിപ്പിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചില്ലെങ്കില്‍ അത് ബി.സി.സി.ഐയുടെ കേവലമായ ഒരു നീക്കമാകുമെന്നാണ്. എന്നാല്‍ തീരുമാനം അതാണെങ്കില്‍ അദ്ദേഹമത് അംഗീകരിക്കുകയും വേണമെന്നും' - വോണ്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ കോച്ചായ രവി ശാസ്ത്രിയെ ഐ.പി.എല്ലുമായി സഹകരിക്കാന്‍ ബി.സി.സി.ഐ അനുവദിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഓസീസ് പരിശീലകരില്‍ ഒരാളായ പോണ്ടിങിനും ഈ വിലക്ക് ബാധകമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ഇന്ത്യ എയുടെ പരിശീലകനായ ശേഷം രാഹുല്‍ ദ്രാവിഡിനോട് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ പരിശീലക സ്ഥാനം രാജിവെക്കാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു. 

ഫെബ്രുവരി ആദ്യവാരമാണ് ലോകകപ്പിന് തയ്യാറെടുക്കുന്ന ഓസീസ് ടീമിനെ സഹായിക്കാന്‍ പോണ്ടിങ് ബാറ്റിങ് പരിശീലകസംഘത്തിനൊപ്പം ചേര്‍ന്നത്. ടീമിന്റെ സ്പെഷ്യലിസ്റ്റ് ബാറ്റിങ് കോച്ചായാണ് അദ്ദേഹത്തിന്റെ നിയമനം.

Content Highlights: Shane Warne did not call for Ricky Ponting to be banned from ipl Here's the truth