ധാക്ക: ധാക്ക ട്വന്റി-20 ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിൽ മോശമായി പെരുമാറിയ ബംഗ്ലാദേശിന്റെ ഓൾറൗണ്ടർ ഷാക്കിബുൽ ഹസ്സന് ഷാക്കിബിന് മൂന്നു മത്സരങ്ങളില്‍ വിലക്കും നാല് ലക്ഷം രൂപ പിഴയും. അമ്പയർ ഔട്ട് വിളിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാക്കിബിന്റെ മോശം പെരുമാറ്റം.

നിയന്ത്രണം വിട്ട ഷാക്കിബ് വിക്കറ്റ് ചവിട്ടിത്തെറിപ്പിക്കുകയും സ്റ്റമ്പുകൾ വലിച്ചൂരുകയും അമ്പയറോട് കയർക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ സംഭവം വിവാദമായി. പിന്നാലെ ഷാക്കിബ് മാപ്പ് പറഞ്ഞ് ഫെയ്സ്ബുക്കിൽ കുറിപ്പുമിട്ടു.

ധാക്ക ട്വന്റി-20 ലീഗിൽ മുഹമ്മദൻ സ്പോർടിങ് ക്ലബ്ബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. മുഹമ്മദൻ സ്പോർടിങ് ക്ലബ്ബിന്റെ താരമായ ഷാക്കിബ് മത്സരത്തിൽ രണ്ട് തവണ മോശമായി പെരുമാറി.

മത്സരത്തിന്റെ തുടക്കത്തിൽ മുഷ്ഫിഖുർ റഹീമിനെതിരായ എൽബിഡബ്ല്യു അപ്പീൽ അമ്പയർ നിരസിച്ചതോടെ പ്രകോപിതനായ ഷാക്കിബ് നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ ബെയ്ൽസ് ചവിട്ടിത്തെറിപ്പിക്കുകയും അമ്പയറോട് ദേഷ്യപ്പെടുകയും ചെയ്തു. പിന്നീട് 5.5 ഓവർ എത്തിയപ്പോൾ മഴ കാരണം അമ്പയർ മത്സരം നിർത്തിവെച്ചു. ഇതോടെ അമ്പയറോട് വീണ്ടും ദേഷ്യപ്പെട്ട താരം വിക്കറ്റുകൾ വലിച്ചൂരി എറിഞ്ഞു.

Content Highlights: Shakib Al Hassan faces ban in Dhaka Premier League after unruly on field behaviour against umpires