ധാക്ക: ഐ.പി.എല്‍ 2021 സീസണില്‍ കളിക്കുന്നതിനായി ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറി ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍.

ഏപ്രിലിലാണ് ശ്രീലങ്കയ്‌ക്കെതിരായ രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പര. താരത്തിന്റെ ആവശ്യമനുസരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അദ്ദേഹത്തിന് അവധി അനുവദിച്ചതായി ചെയര്‍മാന്‍ അക്രം ഖാന്‍ പറഞ്ഞു.  

കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ ഷാക്കിബിനെ 3.2 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെത്തിച്ചിരുന്നു.

നേരത്തെ 2011 - 2017 കാലഘട്ടത്തില്‍ കൊല്‍ക്കത്തയ്ക്കായി കളിച്ച താരമായ ഷാക്കിബ് 2012, 2014 വര്‍ഷങ്ങളില്‍ ടീമിനൊപ്പം കിരീടവും സ്വന്തമാക്കിയിരുന്നു.

Content Highlights: Shakib Al Hasan opts out of Sri Lanka Tests for IPL 2021 season