ന്യൂഡല്‍ഹി: അവസാന പന്തില്‍ ജയിക്കാന്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കേ പന്ത് നിലംതൊടാതെ പറത്തിയ ഷാരൂഖ് ഖാന്റെ മികവില്‍ തുടര്‍ച്ചയായ രണ്ടാം തവണയും സയ്യിദ് മുഷ്താഖ് അലി കിരീടത്തില്‍ മുത്തമിട്ട് തമിഴ്‌നാട്. കര്‍ണാടകയെ നാലു വിക്കറ്റിന് തകര്‍ത്തായിരുന്നു തമിഴ്‌നാടിന്റെ കിരീട നേട്ടം. 

കര്‍ണാടക ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം ഷാരൂഖ് ഖാന്റെ മികവില്‍ അവസാന പന്തില്‍ തമിഴ്‌നാട് മറികടക്കുകയായിരുന്നു. തമിഴ്‌നാടിന് ജയിക്കാന്‍ 22 പന്തില്‍ നിന്ന് 57 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ക്രീസിലെത്തിയ ഷാരൂഖ് 15 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 33 റണ്‍സോടെ പുറത്താകാതെ നിന്നു.

പ്രതീക് ജയിന്‍ എറിഞ്ഞ അവസാന ഓവറില്‍ തമിഴ്‌നാടിന് ജയിക്കാന്‍ 16 റണ്‍സ് വേണ്ടിയിരുന്നു. ഷാരൂഖും സായ് കിഷോറും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിന്റെ മൂന്നാം കിരീടമാണിത്.

46 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 41 റണ്‍സെടുത്ത എന്‍. ജഗദീശനാണ് തമിഴ്‌നാടിന്റെ ടോപ് സ്‌കോറര്‍. ഹരി നിശാന്തും (23) ടീമിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ക്യാപ്റ്റന്‍ വിജയ് ശങ്കര്‍ (18), സായ് സുദര്‍ശന്‍ (9), സഞ്ജയ് യാദവ് (5), മുഹമ്മദ് (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 151 റണ്‍സെടുത്തത്. 

മുന്‍നിര തകര്‍ന്നപ്പോള്‍ 37 പന്തില്‍ നിന്ന് നാലു ഫോറും രണ്ടു സിക്‌സുമടക്കം 46 റണ്‍സെടുത്ത അഭിനവ് മനോഹറും 25 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 33 റണ്‍സെടുത്ത പ്രവീണ്‍ ദുബെയുമാണ് കര്‍ണാടകയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

രോഹന്‍ കദം (0), മനീഷ് പാണ്ഡെ (13), കരുണ്‍ നായര്‍ (18), ശരത് (16), ജെ. സുചിത് (18) എന്നിവരാണ് പുറത്തായ മറ്റ് കര്‍ണാടക താരങ്ങള്‍.

തമിഴ്‌നാടിനായി സായ് കിഷോര്‍ നാല് ഓവറില്‍ 12 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

Content Highlights: shahrukh khan last over heroics tamil nadu wins syed mushtaq ali trophy