കറാച്ചി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്ന കാലത്ത് കളിക്കളത്തിനകത്തും പുറത്തും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട് പാകിസ്താന്റെ ഷാഹിദ് അഫ്രീദി. ആഭ്യന്തര ക്രിക്കറ്റിലേക്ക് മാറിയപ്പോഴും അതിന് മാറ്റമില്ല.പാകിസ്താന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ എതിര്‍ടീമിലെ ബാറ്റ്‌സ്മാന് ഡ്രസ്സിങ് റൂമിലേക്ക് വഴിചൂണ്ടിയ അഫ്രീദി മത്സരശേഷം ട്വിറ്ററില്‍ മാപ്പുപറഞ്ഞു. 

കഴിഞ്ഞദിവസം മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരായ മത്സരത്തിലാണ് കറാച്ചി കിങ്‌സ് താരമായ അഫ്രീദിയുടെ പെരുമാറ്റമുണ്ടായത്. മുള്‍ട്ടാന്‍സിന്റെ പത്തൊമ്പതുകാരനായ ബാറ്റ്‌സ്മാന്‍ സെയ്ഫ് ബാദറിന്റെ വിക്കറ്റ് വീഴ്ത്തിയ അഫ്രീദി ഡ്രസ്സിങ് റൂമിലേക്ക് വിരല്‍ചൂണ്ടി. അഫ്രിഡി 18 റണ്‍സിന് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ കറാച്ചി കിങ്‌സ് 63 റണ്‍സിന് ജയിക്കുകയും ചെയ്തു.

'എന്തൊക്കെ കാണിച്ചാലും ഇപ്പോഴും ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു'എന്ന് സെയ്ഫ് ബാദര്‍ പിന്നീട് ട്വീറ്റ് ചെയ്തു. ഇതിഹാസം എന്ന ഹാഷ് ടാഗിലായിരുന്നു ട്വീറ്റ്. അഫ്രീദി ട്വിറ്ററിലൂടെ തന്നെ ഇതിന് മറുപടി നല്‍കി. 'കളിയുടെ ഒരു പ്രത്യേകഘട്ടത്തില്‍ അങ്ങനെ പെരുമാറിയതില്‍ ക്ഷമിക്കണം. എന്റെ അനിയന്റെ കൂടെ ഞാന്‍ എന്നുമുണ്ട്. എല്ലാ ആശംസകളും...' എന്നായിരുന്നു അഫ്രീദിയുടെ ട്വീറ്റ്.

Content Highlights:  Shahid Afridi 'Sends Off' Batsman, Apologises About Gesture Later