ലാഹോര്‍: പാകിസ്താന്റെ ഓള്‍റൗണ്ടര്‍ താരം ഷാഹിദ് അഫ്രീദിയുടെ വിക്കറ്റ് ആഘോഷം കണ്ടുനില്‍ക്കാന്‍ തന്നെ രസമാണ്. ഇരുകൈകളും ഇരുവശത്തേക്കുമയര്‍ത്തിയുള്ള ആഘോഷം ക്രിക്കറ്റ് ആരാധകര്‍ എത്രയോ തവണ കണ്ടതാണ്. എന്നാല്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗിനിടയില്‍ എതിര്‍ ബാറ്റ്‌സ്മാനെ ക്ലീന്‍ ബൗള്‍ഡാക്കിയിട്ടും അഫ്രീദി ആഘോഷിച്ചില്ല, അതിനു പിന്നില്‍ ഒരു കാരണമുണ്ടായിരുന്നു.

കറാച്ചി കിങ്‌സും ഇസ്ലാമാബാദ് യുണൈറ്റഡും തമ്മിലായിരുന്നു മത്സരം. കറാച്ചി താരമായ അഫ്രീദിയുടെ പന്തില്‍ ഇസ്ലാമാബാദിന്റെ മിസ്ബാഹുല്‍ ഹഖ് ക്ലീന്‍ ബൗള്‍ഡായി. തുടര്‍ന്ന് വിക്കറ്റ് ആഘോഷിക്കാനായി അഫ്രീദി കൈകളുയര്‍ത്താന്‍ തുടങ്ങിയെങ്കിലും പെട്ടെന്ന് തന്നെ താഴ്ത്തുകയായിരുന്നു. 

മിസ്ബാഹുല്‍ ഹഖിന്റെ വിക്കറ്റാണ് വീഴ്ത്തിയതെന്ന് ഓര്‍മ്മ വന്നപ്പോഴാണ് അഫ്രീദി ആഘോഷം പൂര്‍ത്തിയാക്കാതിരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. മിസ്ബ അഫ്രീദിയുടെ മുന്‍ ക്യാപ്റ്റനായതിനാല്‍ ആ ബഹുമാനം നല്‍കുകയായിരുന്നുവെന്നും ആരാധകര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

പാകിസ്താന്‍ സൂപ്പര്‍ ലീഗ് ഈ സീസണില്‍ അഫ്രീദിയുടെ മികവില്‍ കറാച്ചി കിങ്‌സ് പ്ലേ ഓഫില്‍ കടന്നിരുന്നു. അഫ്രീദി ഈ സീസണില്‍ ഇതുവരെ 13 വിക്കറ്റുകളാണ് വീഴ്ത്തിയത്. 

Content Highlights: Shahid Afridi's Ultimate Show Of Respect For Misbah-ul-Haq