ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും പാക് താരം ഷാഹിദ് അഫ്രീദി ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഐസ് ക്രിക്കറ്റില്‍ വീരേന്ദര്‍ സെവാഗിന്റെ ടീമിനെ തോല്‍പ്പിച്ചതിന് പിന്നാലെ ഒരു സൂപ്പര്‍ ക്യാച്ചുമായാണ് അഫ്രീദി വീണ്ടും ആരാധകരുടെ ഹദൃയത്തിലിടം നേടിയത്.

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ക്യുറ്റ ഗ്ലാഡിയേറ്റേഴ്‌സും കറാച്ചി കിങ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് അഫ്രീദിയുടെ വിസ്മയിപ്പിക്കുന്ന ക്യാച്ച് പിറന്നത്. 37 വയസ്സിലെത്തിയിട്ടും ഫീല്‍ഡിങ്ങില്‍ താന്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയായിരുന്നു ആ ക്യാച്ച്.

മുഹമ്മദ് ഇര്‍ഫാന്റെ പന്തില്‍ ഗ്ലാഡിയേറ്റേഴ്‌സിന്റെ മുഹമ്മദ് ആമിന്‍ ഉയര്‍ത്തിയടിക്കുകയായിരുന്നു. പന്ത് ബൗണ്ടറി കടക്കുമെന്ന് എല്ലാവരും കരുതിയെങ്കിലും ഡൈവ് ചെയ്ത് അഫ്രീദി അത് കൈപ്പിടിയിലൊതുക്കി. വലതുകൈ കൊണ്ട് പന്ത് ചാടിപ്പിച്ച അഫ്രീദി ബൗണ്ടറിലേക്ക് വീണു. തുടര്‍ന്ന് പന്ത് മുകളിലേക്ക് എറിഞ്ഞ് വീണ്ടും ഗ്രൗണ്ടിലേക്ക് തിരിച്ചുവന്ന ശേഷം കൈപ്പിടിയിലൊതുക്കുകയായിരുന്നു. 

എല്ലാവരേയും വിസ്മയിപ്പിച്ച ഈ ക്യാച്ച് വീണ്ടും പരിശോധിച്ച ശേഷമാണ് ഔട്ട് നല്‍കിയത്. ഇതിന് പിന്നാലെ അഫ്രീദിയെ അഭിനന്ദിച്ച് നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു. ദുബായില്‍ നടന്ന മത്സരത്തില്‍ കറാച്ചി കിങ്‌സ് 19 റണ്‍സിന് വിജയിച്ചു. 

Content Highlights: Shahid Afridi’s sensational one handed catch adds to the what’s his age dilemma on Twitter