കറാച്ചി: കോവിഡിൽ നിന്ന് മുക്തനായതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് പാകിസ്താന്റെ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി രംഗത്ത്. മത്സരശേഷം ഇന്ത്യൻ താരങ്ങൾ ക്ഷമ ചോദിക്കേണ്ടിവരുന്ന അവസ്ഥ സൃഷ്ടിക്കുന്ന തരത്തിൽപ്പോലും പാകിസ്താൻ ഇന്ത്യയെ തോൽപ്പിച്ചിട്ടുണ്ടെന്ന് അഫ്രീദി അവകാശപ്പെട്ടു. യുട്യൂബിലെ ക്രിക്ക് കാസ്റ്റ് ഷോ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അഫ്രീദി.

'ഇന്ത്യക്കെതിരായ മത്സരങ്ങൾ ഞാൻ എപ്പോഴും ആസ്വദിച്ചിട്ടുണ്ട്. ഒരുപാട്തവണ ഞങ്ങൾ ഇന്ത്യയെ തോൽപ്പിച്ചിട്ടുണ്ട്. വ്യക്തമായ മാർജിനിൽ തന്നെയായിരുന്നു പാകിസ്താന്റെ ഈ വിജയങ്ങളെല്ലാം. മത്സരശേഷം പാക് താരങ്ങളോട് ഇന്ത്യൻ ടീം ക്ഷമ ചോദിക്കേണ്ട അവസ്ഥ പോലും സൃഷ്ടിച്ചാണ് പലപ്പോഴും ഞങ്ങൾ അവരെ തോൽപ്പിച്ചിരുന്നത് എന്നാണ് ഞാൻ കരുതുന്നത്.' അഫ്രീദി വ്യക്തമാക്കി.

എക്കാലവും പ്രിയപ്പെട്ട എതിരാളികൾ ഇന്ത്യയും ഓസ്ട്രേലിയയും ആണെന്ന് വെളിപ്പെടുത്തിയ അഫ്രീദി ഈ ടീമുകൾക്കെതിരേ കളിക്കുമ്പോൾ തനിക്ക് പ്രത്യേക ഊർജ്ജം ലഭിക്കാറുണ്ടെന്നും വ്യക്തമാക്കി. ഇന്ത്യക്കെതിരേ കളിച്ചിട്ടുള്ള ഇന്നിങ്സുകളിൽ 1999-ലെ ചെന്നൈ ടെസ്റ്റിൽ നേടിയ 141 റൺസാണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും അഫ്രീദി പറയുന്നു. ആ പരമ്പരയിൽ ടീമിൽ പോലും ഇടം ലഭിക്കാതിരുന്ന അവസ്ഥയിലായിരുന്നെന്നും അത്തരമൊരു സാഹചര്യത്തിലാണ് സെഞ്ചുറി ഇന്നിങ്സ് പിറന്നതെന്നും അഫ്രീദി പറയുന്നു.

'അന്ന് എന്നെ പാക് ടീമിനൊപ്പം ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ ടീം മാനേജ്മെന്റിന് താത്‌പര്യമുണ്ടായിരുന്നില്ല. പക്ഷേ ക്യാപ്റ്റനായിരുന്ന വസീം അക്രവും ചീഫ് സെലക്ടറും എന്നെ പിന്തുണച്ചു. അങ്ങനെയാണ് ഇന്ത്യൻ പര്യടനത്തിനെത്തിയത്.' അഫ്രീദി കൂട്ടിച്ചേർത്തു.

വലിയ മാർജിനിലുള്ള വിജയങ്ങൾ നേടിയിട്ടുണ്ടെന്ന് അഫ്രീദി അവകാശപ്പെടുമ്പോഴും പാക് താരത്തിന്റെ അരങ്ങേറ്റത്തിന് ശേഷമുള്ള ഇന്ത്യ-പാകിസ്താൻ മത്സരങ്ങളിൽ മേധാവിത്തം ഇന്ത്യക്കാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. അഫ്രീദി അരങ്ങേറിയതിന് ശേഷം ഇന്ത്യയും പാകിസ്താനും നേർക്കുനേർ കളിച്ചത് 105 രാജ്യാന്തര മത്സരങ്ങളിലാണ്. ഇതിൽ 15 ടെസ്റ്റുകളും 82 ഏകദിനങ്ങളും എട്ട് ട്വന്റി-20 മത്സരങ്ങളും ഉൾപ്പെടുന്നു. 105 മത്സരങ്ങളിൽ 51 എണ്ണത്തിൽ ഇന്ത്യ വിജയിച്ചു. പാകിസ്താൻ വിജയിച്ചത് 47 മത്സരങ്ങളിൽ മാത്രമാണ്. അഞ്ചു മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ രണ്ടു മത്സരങ്ങൾ ഫലമില്ലാതെ പോയി.

Content Highlights: Shahid Afridi on India vs Pakistan Cricket Matches