കറാച്ചി: കോവിഡ് പ്രതിസന്ധിക്കിടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് പാകിസ്താൻ ക്രിക്കറ്റ് ടീം. മൂന്നു വീതം ടെസ്റ്റും ട്വന്റി-20യും കളിക്കാനായി പാക് ടീം ഇംഗ്ലണ്ടിലെത്തിക്കഴിഞ്ഞു. ജഴ്സിയിൽ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോയുമായാണ് ഈ പരമ്പയിൽ പാക് ടീം കളിക്കാനിറങ്ങുക. ഇക്കാര്യം അഫ്രീദി തന്നെ ട്വിറ്ററിലൂടെ വ്യക്തമാക്കിക്കഴിഞ്ഞു.

'പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ പങ്കാളികളെന്ന നിലയിൽ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോ പാകിസ്താൻ ടീമിന്റെ പ്ലെയിങ് കിറ്റിൽ ഇടംപിടിക്കും. ഞങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്ക് പിസിബി ഭാരവാഹികൾക്ക് നന്ദി അറിയിക്കുന്നു. ഇംഗ്ലണ്ട് പര്യടനത്തിൽ പാകിസ്താൻ ടീമിന് വിജയാശംസകൾ നേരുന്നു.' അഫ്രീദി ട്വിറ്ററിൽ കുറിച്ചു.

എന്നാൽ കോവിഡ് കാരണം സ്പോൺസറെ കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് പാക് ടീമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇതോടെയാണ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോ ഉപയോഗിക്കാൻ തീരുമാനമായതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. സ്പോൺസർമാരുടെ കാര്യത്തിൽ ചർച്ചകൾ നടത്തിയത് വിജയത്തിന്റെ വക്കിലെത്തി അവസാന റൗണ്ടിൽ പാളിപ്പോകുകയായിരുന്നു. ഇതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് പി.സി.ബിയെ നയിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഓഗസ്റ്റ് അഞ്ചു മുതൽ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിലാണ് ആദ്യ ടെസ്റ്റ് നടക്കുക.

Content Highlights: Shahid Afridi Foundation, logo to feature on Pakistani kits in England tour