കറാച്ചി: മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്കെതിരേ ഗുരുതര ആരോപണവുമായി മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട് രംഗത്ത്. 2010-ലെ വാതുവെയ്പ്പ് വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിട്ട താരമാണ് ബട്ട്.

പാക് ക്രിക്കറ്റിനെ പിടിച്ചുലച്ച 2010-ലെ വാതുവെയ്പ്പ് വിവാദത്തില്‍ അന്നത്തെ ക്യാപ്റ്റനായിരുന്നു സല്‍മാന്‍ ബട്ട് അടക്കമുള്ളവര്‍ കുടുങ്ങിയിരുന്നു. പിന്നാലെ അഞ്ചു വര്‍ഷത്തെ വിലക്കും താരത്തിന് ലഭിച്ചു.

വിലക്ക് അവസാനിച്ച ശേഷം ടീമിലേക്ക് മടങ്ങിവരാന്‍ ശ്രമിച്ചെങ്കിലും താരത്തിന് അതിന് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ തന്റെ തിരിച്ചുവരവിന് തടസമായത് പാക് താരം ഷാഹിദ് അഫ്രീദിയാണെന്നാണ് ബട്ടിന്റെ ആരോപണം.

2015-ല്‍ താരത്തിന്റെ വിലക്ക് അവസാനിച്ചിരുന്നു. ആ വര്‍ഷം തന്നെ ആഭ്യന്തര മത്സരങ്ങളിലും താരം കളിച്ചു. 2016-ലെ ട്വന്റി 20 ലോകകപ്പിനുള്ള ടീമില്‍ ഇടം നേടുകയായിരുന്നു ലക്ഷ്യം. പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പിനുള്ള പാക് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നിരിക്കെ അന്നത്തെ ക്യാപ്റ്റനായിരുന്ന അഫ്രീദി ഇടപെട്ട് തന്റെ പ്രവേശനം തടയുകയായിരുന്നുവെന്നാണ് ബട്ടിന്റെ ആരോപണം. 

''ഹെഡ് കോച്ച് വഖാര്‍ യൂനിസും ബാറ്റിങ് കോച്ച് ഗ്രാന്റ് ഫ്ലവറും ചേര്‍ന്ന് തന്നെ  നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലേക്ക് വിളിപ്പിച്ചിരുന്നു. നെറ്റ്‌സിലേക്കു വിളിച്ച ഇരുവരും തന്റെ ഫിറ്റ്‌നസ് പരിശോധിക്കുകയും ചെയ്തു. നീ പാകിസ്താനു വേണ്ടി വീണ്ടും കളിക്കാന്‍ മാനസികമായി തയ്യാറാണോയെന്നു വഖാര്‍ ഭായ് ചോദിക്കുകയും ചെയ്തു. അതെ എന്ന് ഞാന്‍ മറുപടി നല്‍കി'', ബട്ട് വെളിപ്പെടുത്തി.

ടീമില്‍ അവസരം ലഭിക്കുമെന്നിരിക്കെ ക്യാപ്റ്റനായിരുന്ന അഫ്രീദി എന്തിനു തന്നെ തഴഞ്ഞുവെന്ന് ഇപ്പോഴുമറിയില്ലെന്നും മുപ്പത്തിനാലുകാരനായ ബട്ട് വ്യക്തമാക്കി. അദ്ദേഹം ചെയ്തത് ഒട്ടും ശരിയല്ലാത്ത പ്രവൃത്തി തന്നെയാണ്. ആ അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. വഖാറും ഗ്രാന്റ് ഫ്‌ളവറും തന്നെ ലോകകപ്പില്‍ കളിപ്പിക്കാന്‍ തയ്യാറായിരുന്നിട്ടും അഫ്രിദി സമ്മതിക്കാതിരുന്നതിലാണ് അതു നടക്കാതിരുന്നതെന്നു മാത്രമേ തനിക്കറിയുകയുള്ളൂവെന്നും ബട്ട് വെളിപ്പെടുത്തി.

Content Highlights: shahid afridi blocked my return to pakistan team claims salman butt