ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അവസാനക്കാരനായി ഇന്ത്യന്‍ ടീമില്‍ ഇടം നേടുമ്പോള്‍ ഷഹബാസ് നദീം ആശ്വസിക്കുന്നുണ്ടാകും. ഇത്തവണയെങ്കിലും ഇന്ത്യന്‍ ടീമില്‍ സജീവ സാന്നിധ്യമാകാമെന്ന പ്രതീക്ഷ പകരുന്ന ആശ്വാസം. ഇന്ത്യന്‍ ടീം മറന്ന പ്രതിഭാധനനായ സ്പിന്നറാണ് നദീം. ധോനിയ്‌ക്കൊപ്പം കളിച്ചുവളര്‍ന്ന താരം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും തിളങ്ങുമ്പോഴും ഇന്ത്യന്‍ ടീമിന്റെ വാതില്‍ താരത്തിന് മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടു. ഇന്ന് പകരക്കാരാനായാണ് ഇന്ത്യന്‍ ടീമില്‍ താരം അവസാന നിമിഷം കയറിപ്പറ്റിയത്.

ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ കാല്‍മുട്ടിനേറ്റ പരിക്കുമൂലം ടീമില്‍ നിന്നും പുറത്തായപ്പോള്‍ പകരക്കാരായി രാഹുല്‍ ചാഹറിനെയും നദീമിനെയും തിരഞ്ഞെടുത്തു. അതില്‍ ആദ്യ ടെസ്റ്റ് കളിക്കാന്‍ നദീമിന് അവസരം നല്‍കി.

ഇന്ന് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനിറങ്ങുമ്പോള്‍ 31 വയസ്സും 177 ദിവസവുമാണ് താരത്തിന്റെ പ്രായം. ഇന്ത്യയ്ക്ക് വേണ്ടി രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുകയാണ് നദീം. 2019-ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരേയാണ് നദീം ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. അന്നും പകരക്കാരന്റെ വേഷത്തിലാണ് താരം കളത്തിലെത്തിയത്. പരിക്കേറ്റ കുല്‍ദീപ് യാദവിന് പകരക്കാരനായാണ് അന്ന് അദ്ദേഹം പന്തെറിഞ്ഞത്. 2004-ല്‍ ക്രിക്കറ്റ് ലോകത്ത് അരങ്ങേറ്റം കുറിച്ച നദീം ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായി കാത്തിരുന്നത് നീണ്ട 15 വര്‍ഷങ്ങളാണ്. ആദ്യ ടെസ്റ്റില്‍ നാലുവിക്കറ്റ് വീഴ്ത്തിയെങ്കിലും പിന്നീട് നദീമിന് അവസരം ലഭിച്ചില്ല.

ബൗളിങ്ങില്‍ എല്ലാ ശൈലിയും പയറ്റുന്ന ഇടംകൈയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നറാണ് നദീം. 117 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള നദീം പന്തുകൊണ്ടും ബാറ്റുകൊണ്ടും ലോകോത്തര നിലവാരമുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. ഫസ്റ്റ് ക്ലാസില്‍ 443 വിക്കറ്റുകളും 2196 റണ്‍സും നേടിയിട്ടുള്ള താരമാണ് നദീം. 45 റണ്‍സ് വഴങ്ങി ഏഴുവിക്കറ്റ് വീഴ്ത്തിയതാണ് ഫസ്റ്റ് ക്ലാസിലെ മികച്ച പ്രകടനം.

109 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നും 151 വിക്കറ്റുകളും താരം വീഴ്ത്തി. വെറും പത്ത് റണ്‍സ് വഴങ്ങി എട്ടുവിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ച് റെക്കോഡും താരം സ്വന്തമാക്കിയിരുന്നു. 

ഐ.പി.എല്ലില്‍ സജീവ സാന്നിധ്യമാണ് നദീം. ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ കളിച്ചിരുന്ന താരം നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ്. ഐ.പി.എല്‍ അടക്കം ആകെ 134 ട്വന്റി 20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള നദീം 110 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്ന നദീം വിരാട് കോലി, രവീന്ദ്ര ജഡേജ, പീയുഷ് ചൗള, ചേതേശ്വര്‍ പൂജാര, ഇഷാന്ത് ശര്‍മ തുടങ്ങിയ താരങ്ങള്‍ക്കൊപ്പമാണ് അന്ന് കളിച്ചത്. ഇന്നത്തെ മത്സരത്തില്‍ കോലിയും ഇഷാന്തും പൂജാരയുമെല്ലാം നദീമിനൊപ്പം കളിക്കാനുണ്ട്.

പ്രതിഭയുണ്ടായിരുന്നിട്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ നദീമിന് 30 വയസ്സുവരെ കാത്തിരിക്കേണ്ടി വന്നു. ഇന്ത്യ എ ടീമിന് വേണ്ടിയും ബീഹാറിന് വേണ്ടിയും ജാര്‍ഖണ്ഡിന് വേണ്ടിയുമെല്ലാം നിരവധി മത്സരങ്ങള്‍ കളിച്ച നദീം ഇനിയെങ്കിലും ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ ലഭിക്കും എന്ന പ്രതീക്ഷയിലാണ്.

Content Highlights: Shahabaz Nadeem got chance to play for India against England in first test match