ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ബംഗ്ലാ ബാറ്റ്‌സ്മാന്‍ സാബിര്‍ റഹ്മാനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി ഉപമിച്ചിരുന്നു. ടെസ്റ്റിന്റെ ആദ്യ ദിനം അഞ്ചു വിക്കറ്റ് വീഴ്ത്തിയിരുന്ന ലിയോണ്‍ ബംഗ്ലാദേശിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടപ്പോള്‍ അര്‍ധസെഞ്ചുറിയുമായി സാബിര്‍ പൊരുതി തിന്നു. പിന്നീട് ഒന്നാം ദിവസത്തെ മത്സരശേഷം ലിയോണ്‍ ബംഗ്ലാദേശിന്റെ യുവതാരത്തെ കോലിയുമായാണ് താരതമ്യെപ്പെടുത്തിയത്.

സാബിറിന്റെ ബാറ്റിങ് കണ്ടുനില്‍ക്കുമ്പോള്‍ കോലിയുടെ ബാറ്റിങ്ങാണ് ഓര്‍മ്മ വരികയെന്നും സാബിര്‍ കോലിയുടെ മാതൃകയാണ് പിന്തുടരുന്നതെന്നുമായിരുന്നു ലിയോണിന്റെ പ്രതികരണം. സാബിര്‍ ക്രീസിലേക്ക് വരുന്നതും കളിക്കുന്ന ഷോട്ടും ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാവുമെന്നും ലിയോണ്‍ വ്യക്തമാക്കി.

എന്നാല്‍ ഇതിന് പിന്നാലെ വന്ന സാബിറിന്റെ പ്രസ്താവന കോലി ആരാധകരെ ചൊടുപ്പിച്ചു. ക്രിക്ക് ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് സാബിര്‍ ലിയോണിന്റെ നിരീക്ഷണത്തിന് മറുപടി നല്‍കിയത്.  തനിക്ക് കോലിയെപ്പോലെയാവാന്‍ കഴിയുമെന്നും എല്ലാം സാധ്യമാണെന്നുമായിരുന്നു സാബിറിന്റെ പ്രസ്താവന. കോലിയുമായി തന്നെ താരതമ്യം ചെയ്യേണ്ടെന്നും ഇപ്പോള്‍ ടീമിനായി റണ്‍സ് കണ്ടെത്തുന്നതാണ് പ്രാധാന്യമര്‍ഹിക്കുന്നതെന്നും സാബിര്‍ അഭിമുഖത്തില്‍ പറഞ്ഞു.

സാബിറിന്റെ ഈ പ്രതികരണത്തോട് യോജിക്കാന്‍ കോലി ആരാധകര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ബംഗ്ലാ താരത്തിനെതിരെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. എല്ലാം പരിഹാസച്ചുവയുള്ളതായിരുന്നു. 

സാബിറിന്റെ തമാശയാണിതെന്നും സെല്‍ഫ് ട്രോള്‍ തുടര്‍ന്നോളൂ എന്നുമായിരുന്നു ഒരു കോലി ആരാധകന്റെ പരിഹാസം. കോലിയുടെ 0.1ശതമാനം പോലും ആവാന്‍ നിങ്ങള്‍ക്കാവില്ലെന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്.