Virat Kohli Photo Courtesy: BCCI
പുണെ: ലോകത്ത് നിലവിലുള്ള താരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ വിരാട് കോലിയാണെന്ന കാര്യത്തില്‍ സംശയമില്ല. സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്ല്യംസണ്‍, ജോ റൂട്ട് എന്നിവരുമായെല്ലാം ഇന്ത്യന്‍ ക്യാപ്റ്റനെ താരതമ്യപ്പെടുത്താറുണ്ട്. ബാറ്റിങ്ങിലെ മികവ് മാത്രമല്ല, ഓരോ ടീമിലും മൂന്നാമത്തെയോ നാലാമത്തെയോ പൊസിഷനിലാണ് ഇവരെല്ലാം കളിക്കാനിറങ്ങാറുള്ളതും. കോലിയുടെ പൊസിഷനും മൂന്നാം നമ്പറാണ്.
എന്നാല്‍ പുണെയില്‍ നടന്ന ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി-20യില്‍ കോലി സഞ്ജു സാംസണും മനീഷ് പാണ്ഡെയ്ക്കും ശ്രേയസ് അയ്യറിനും വേണ്ടി വഴിമാറി. സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതെ സ്വാര്‍ത്ഥത കാണിക്കുന്ന കോലി എന്ന് ആരാധകര്‍ വിമര്‍ശനമുന്നയിക്കുമ്പോള്‍ തന്നെയാണ് കോലി യുവതാരങ്ങള്‍ക്ക് വേണ്ടി ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തുന്നതും. ഇഷ്ട പൊസിഷനായ മൂന്നാം നമ്പറില്‍ തന്നെയാണ് സഞ്ജു കളിക്കാനിറങ്ങിയത്. പക്ഷേ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ മലയാളി താരത്തിന് കഴിഞ്ഞില്ല.
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യിലും കോലി ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തിയിരുന്നു. നാലാം നമ്പറില്‍ കോലി ഇറങ്ങിയപ്പോള്‍ മൂന്നാമതായി ഇറക്കിയത് ശ്രേയസ് അയ്യരെയാണ്. അതേസമയം പുണെയില്‍ ആറാമനായാണ് കോലി ബാറ്റിങ്ങിനിറങ്ങിയത്. സഞ്ജുവിനും പാണ്ഡെയ്ക്കും ശ്രേയസ് അയ്യറിനും ശേഷം ക്രീസിലെത്തി.
ലോകകപ്പ് മുന്നില്‍ കണ്ടാണ് കോലി യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയതെന്നാണ് വിലയിരുത്തല്‍. ഋഷഭ് പന്തിനെ ബെഞ്ചിലിരുത്തി സഞ്ജുവിന് വിക്കറ്റ് കീപ്പറുടെ റോള്‍ കൂടി നല്‍കി. സഞ്ജു രണ്ടാം പന്തില്‍ പുറത്തായപ്പോള്‍ പാണ്ഡെ ക്രീസില്‍ തുടര്‍ന്നു. 18 പന്തില്‍ 31 റണ്‍സാണ് പാണ്ഡെ അടിച്ചെടുത്തത്. ശിഖര്‍ ധവാനും സഞ്ജുവും പുറത്തായപ്പോഴും കോലി ക്രീസിലെത്തിയില്ല. ആദ്യം പാണ്ഡെയേയും പിന്നീട് അയ്യരേയും പറഞ്ഞയച്ചു. ഇന്ത്യയുടെ മുന്‍താരം ഇര്‍ഫാന്‍ പഠാന്‍ കോലിയെ അഭിനന്ദിക്കാനും മറന്നില്ല.
'നായകനാകുക എന്നത് ഒരു കാര്യമാണ്, നേതാവുക എന്നത് മറ്റൊരു കാര്യവുമാണ്. വിരാട് കോലി യഥാര്‍ത്ഥ ക്യാപ്റ്റനും നേതാവുമാണ്. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും ഒരു ടീം കെട്ടിപ്പടുക്കുന്നതിനും സ്വന്തം സ്ഥാനം വിട്ടുകൊടുക്കുന്ന യഥാര്‍ത്ഥ നേതാവാണ്.' പഠാന്‍ ട്വീറ്റ് ചെയ്തു.
Content Highlights: Selfless Virat Kohli makes way for Manish Pandey, Sanju Samson India vs Sri Lanka
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..