ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറയെ സെലക്ടർമാർ ഉൾപ്പെടുത്തിയത് ഫോം നോക്കിയല്ലെന്ന് മുൻ വിക്കറ്റ് കീപ്പറും നാഷണൽ സെലക്ടറുമായിരുന്ന സാബാ കരീം. ബുംറയുടെ പ്രശസ്തി കണക്കിലെടുത്താണ് ടീമിലെടുത്തതെന്നും കരീം ആരോപിച്ചു.

സെലക്ടർമാർ ഒരുപരിധി വരെ ബുംറയുടെ പ്രശസ്തിയാണ് പരിഗണിച്ചത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഫോം വിലയിരുത്തിയില്ല. ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റതു മുതൽ ബുംറ ടെസ്റ്റ് കളിച്ചിട്ടില്ല. ട്വന്റി-20 മാത്രമാണ് അടുത്തിടെ കളിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ താരം കളിച്ചിരുന്നില്ല. ടെസ്റ്റിൽ ഫോമില്ലാതെ കഷ്ടപ്പെടുന്നതിനൊപ്പം പരിശീലനും നടത്തിയില്ല.' സാബാ കരീം വ്യക്തമാക്കുന്നു.

എന്നാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ബുംറ കളിച്ചിരുന്നു. ഇതു അവഗണിച്ചാണ് കരീമിന്റെ പരാമർശം. ചെന്നൈയിൽ നടന്ന ടെസ്റ്റിൽ ഇന്ത്യൻ പേസർ നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

അനുകൂലമായ കാലാവസ്ഥ ആയിട്ടും ടെസ്റ്റ് ക്രിക്കറ്റിൽ താളം കണ്ടെത്താൻ ബുംറയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും വേണ്ട ലെങ്ത് കണ്ടെത്താൻ താരത്തിന് കഴിയുന്നില്ലെന്നും സാബാ കരീം കൂട്ടിച്ചേർത്തു.

Content Highlights: Selectors picked Jasprit Bumrah because of his reputation instead of current form says Saba Karim World Test Championship Final