ഇസ്ലാമാബാദ്: ക്രീസില്‍ ആരെയും കൂസാത്ത പ്രകൃതത്തിനുടമയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ഏകദിനമായാലും ട്വന്റി 20 ആയാലും ടെസ്റ്റായാലും വീരുവിന്റെ ശൈലിയെല്ലാം ഒന്നു തന്നെ. ഇപ്പോഴിതാ ഇന്ത്യന്‍ വെടിക്കെട്ടു വീരനെ കുറിച്ച് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ റഷീദ് ലത്തീഫ് നടത്തിയ അഭിപ്രായ പ്രകടനം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടുകയാണ്.

ഇന്ത്യന്‍ ടീമിന് പകരം സെവാഗ് മറ്റൊരു രാജ്യത്തിനായാണ് കളിച്ചിരുന്നതെങ്കില്‍ അദ്ദേഹം ടെസ്റ്റില്‍ 10,000 റണ്‍സ് സ്വന്തമാക്കുമായിരുന്നുവെന്നാണ് റഷീദ് പറഞ്ഞത്. ഇന്ത്യന്‍ ടീമില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് തുടങ്ങിയ മഹാരഥന്‍മാരുടെ നിഴലായിപ്പോകുകയായിരുന്നുവെന്നും റഷീദ് പറഞ്ഞു.

''ആധിപത്യം സ്ഥാപിച്ച് കളിച്ചിരുന്ന താരമായിരുന്നു സെവാഗ്. തുടക്കത്തില്‍ പിച്ച് മനസിലാക്കാന്‍ അല്‍പം ശ്രദ്ധിച്ച് കളിച്ചു തുടങ്ങുന്ന ഓപ്പണര്‍മാരെയാണ് നമുക്കു പരിചയം. ബോള്‍ ചെയ്യുന്നത് മഗ്രാത്താണോ ബ്രെറ്റ് ലീയാണോ വസിം അക്രമാണോ ഷുഐബ് അക്തറാണോ എന്നിവയെല്ലാം നോക്കിയാണ് ബാറ്റ് ചെയ്യുക. എന്നാല്‍ ആരെയും പേടിക്കാത്ത ഒരാളാണ് സെവാഗ്. ടീമിനെ ശക്തമായി സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്ന താരം'', തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ റഷീദ് പറഞ്ഞു.

കരിയറില്‍ 104 ടെസ്റ്റില്‍ നിന്ന് 23 സെഞ്ചുറികളും 32 അര്‍ധ സെഞ്ചുറികളുമടക്കം 8586 റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം.

ടീമില്‍ അന്ന് വമ്പന്‍ താരങ്ങളുണ്ടായിരുന്നിട്ടും എതിരാളികള്‍ ഭയന്നിരുന്നത്. സെവാഗിനെ ആയിരുന്നുവെന്നും റഷീദ് ചൂണ്ടിക്കാട്ടി.

Content Highlights: Sehwag would’ve had 10k runs if he played for another team Ex Pak captain