കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 11 റണ്‍സിന്റെ ജയം സ്വന്തമാക്കിയിരുന്നു. 

ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഡാര്‍സി ഷോര്‍ട്ടും നന്നായി ബാറ്റ് ചെയ്യവെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി എത്തിയ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി തിരിച്ചത്.

നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങിയ ചാഹല്‍ മൂന്നു വിക്കറ്റുകളാണ് വീഴ്ത്തിയത്. ബാറ്റിങ്ങിനിടെ ഹെല്‍മറ്റില്‍ പന്ത് തട്ടിയ രവീന്ദ്ര ജഡേജയ്ക്ക് പകരമാണ് ചാഹല്‍ കളത്തിലിറങ്ങിയത്. ചാഹലിന്റെ പ്രകടനം മത്സരഫലത്തില്‍ നിര്‍ണായകമായതോടെ ഇന്ത്യയുടെ ഈ നീക്കം വിവാദത്തിന് വഴിവെക്കുകയും ചെയ്തിരുന്നു. 

ഈ തീരുമാനത്തിനെതിരേ ഓസീസ് ടീം പരിശീലകനായ ജസ്റ്റിന്‍ ലാംഗര്‍ മാച്ച് റഫറി ഡേവിഡ് ബൂണിനോട് തര്‍ക്കിക്കുന്നത് കാണാമായിരുന്നു. ഈ തീരുമാനത്തിനെതിരേ ടീം കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. 

ഇപ്പോഴിതാ ചാഹലിനെ കളിപ്പിച്ചതില്‍ ഓസീസ് ടീം പരാതിപറയേണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. 

തലയ്ക്ക് പരിക്കേറ്റതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ 24 മണിക്കൂറിനുള്ളിലാണ് കാണപ്പെടുക. അതിനാല്‍ തന്നെ ജഡേജയ്ക്ക് പകരക്കാരനെ ഇറക്കിയ ഇന്ത്യയുടെ തീരുമാനം ശരിയായിരുന്നുവെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

''കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിന്റെ ആദ്യ ഗുണഭോക്താക്കള്‍ ഓസ്‌ട്രേലിലയായതിനാല്‍ അവര്‍ ഇക്കാര്യത്തില്‍ പരാതി പറയാന്‍ പാടില്ല. പണ്ട് കളിക്കിടെ സ്റ്റീവ് സ്മിത്തിന്റെ തലയ്ക്ക് പന്ത് കൊണ്ടപ്പോള്‍ മാര്‍നസ് ലബുഷെയ്ന്‍ പകരക്കാരനായി ഇറങ്ങി റണ്‍സടിച്ചു. ഞങ്ങളുടെ ഭാഗത്തുനിന്ന് ഇത് ശരിയായ തീരുമാനമായിരുന്നു, കാരണം രവീന്ദ്ര ജഡേജയ്ക്ക് കളിക്കുക സാധ്യമല്ലായിരുന്നു. അതുപോലെ പന്തെറിയാനും സാധിക്കില്ലായിരുന്നു.'' - സെവാഗ് ചൂണ്ടിക്കാട്ടി. 

കളിച്ചിരുന്ന കാലത്ത് തന്റെ ഹെല്‍മറ്റിലും പലതവണ പന്ത് തട്ടിയിട്ടുണ്ടെന്ന് പറഞ്ഞ സെവാഗ്, അതിന്റെ ബുദ്ധിമുട്ട് എത്രത്തോളമുണ്ടെന്ന് അറിയാമെന്നും അക്കാലത്ത് ഇത്തരം നിയമങ്ങളൊന്നും ഉണ്ടായിരുന്നില്ലന്നെും കൂട്ടിച്ചേര്‍ത്തു.

Content Highlights: Sehwag says Australians shouldn t complain about Chahal substitution