ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ ടിട്വന്റി മത്സരത്തിനുള്ള ടീമില്‍ മുപ്പത്തിയെട്ടുകാരനായ ആശിഷ് നെഹ്‌റയെ ഉള്‍പ്പെടുത്തിയപ്പോള്‍ പലരും അദ്ഭുതപ്പെട്ടിരുന്നു. നെഹ്‌റയുടെ പ്രായം തന്നെയായിരുന്നു പ്രശ്‌നം. എന്നാല്‍ നെഹ്‌റയുടെ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ മുന്‍ താരം വീരേന്ദര്‍ സെവാഗിന് ഒരു സംശയവുമില്ല. നെഹ്‌റയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് സെവാഗ്.

നെഹ്‌റയെ ടീമിലെടുത്തതില്‍ തനിക്ക് അദ്ഭുതമൊന്നും തോന്നിയില്ലെന്നും അത് അദ്ദേഹത്തിന്റെ കഠിനധ്വാനത്തിന്റെ ഫലമാണെന്നും സെവാഗ് വ്യക്തമാക്കി. 'നാല്‍പത് വയസ്സുവരെ സച്ചിന്‍ ടീമിനായി കളിച്ചു. 42 വയസ്സു വരെ സനത് ജയസൂര്യ ശ്രീലങ്കന്‍ ടീമിലുണ്ടായിരുന്നു. പ്രായം ഒന്നിനും ഒരു തടസ്സമല്ല' സെവാഗ് പറയുന്നു.

അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാത്ത സമയത്ത് ദിവസവും എട്ടു മണിക്കൂറാണ് നെഹ്‌റ പരിശീലനത്തിന് ചിലവഴിക്കുന്നത്. നാല് മണിക്കൂറുള്ള രണ്ട് സെഷനായാണ് നെഹ്‌റയുടെ പരിശീലനം. ഓടാനും നീന്താനും ഇഷ്ടപ്പെടുന്ന താരമാണ് നെഹ്‌റ. ഒപ്പം നെഹ്‌റയുടെ ഉയരവും അദ്ദേഹത്തിന്റെ പ്ലസ് പോയിന്റാണ്. സെവാഗ് കൂട്ടിച്ചേര്‍ത്തു. 

കളിക്കാരുടെ കായികക്ഷമത പരിശോധിക്കുന്ന യോ-യോ ടെസ്റ്റില്‍ നെഹ്‌റ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അതിനാലാണ് താരം ടീമിലെത്തിയതെന്നും സെവാഗ് ചൂണ്ടിക്കാട്ടി. അതേസമയം യുവരാജിനും സുരേഷ് റെയ്‌നക്കും ആ ടെസ്റ്റില്‍ വിജയിക്കാനായില്ലെന്നും സെവാഗ് പറഞ്ഞു. 

ഈ വര്‍ഷം ജനുവരിയിലായിരുന്നു നെഹ്റ അവസാനമായി ട്വിന്റി20 കളിച്ചത്. ഒക്ടോബര്‍ ഏഴിനാണ് ഓസീസിനെതിരായ ആദ്യ ട്വിന്റി20.