ഇന്‍ഡോര്‍: നായകന്‍ ധോനി മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ ഇന്ത്യക്ക് ഗാന്ധി-മണ്ടേല പരമ്പരയിലെ ആദ്യ ജയം. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 22 റണ്‍സിന് തോല്‍പിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ ദക്ഷിണാഫ്രിക്ക 225 റണ്‍സിന് ഓള്‍ ഔട്ടായി. പരമ്പര ഇപ്പോള്‍ 1-1 എന്ന നിലയിലാണ്. സ്‌കോര്‍: ഇന്ത്യ- 247/9 (50); ദക്ഷിണാഫ്രിക്ക- 225/10 (43.4).

ബാറ്റിങ്ങിലും ബൗളിങ്ങിലും ആദ്യം പ്രതിരോധത്തിലായ ശേഷം ടീം ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിന് ഇറങ്ങി ആറ് വിക്കറ്റിന് 124 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ നായകന്‍ ധോനി പുറത്താകാതെ നേടിയ 92 റണ്‍സാണ് മാന്യമായ സ്‌കോറിലെത്തിച്ചത്. 86 പന്തില്‍ 92 റണ്‍സെടുത്ത ധോനി ഏഴ് ഫോറും നാല് സിക്‌സുമടിച്ചു. അര്‍ധസെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെയാണ് (51) ഇന്ത്യന്‍ സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കിയ മറ്റൊരു ബാറ്റ്‌സ്മാന്‍.

MS Dhoni

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നന്നായി തുടങ്ങിയെങ്കിലും തുടക്കത്തിലേ സ്പിന്നര്‍മാരെ കൊണ്ടുവരാനുള്ള ക്യാപ്റ്റന്‍ ധോനിയുടെ തീരുമാനം ഫലം കണ്ടു. ഹാഷിം ആംലയെ (17) പുറത്താക്കി അക്ഷര്‍ പട്ടേലും ഡീകോക്കിനെ (34) പുറത്താക്കി ഹര്‍ഭജനും ഇന്ത്യക്ക് നിര്‍ണായക ബ്രേക്ക് ത്രൂകള്‍ നല്‍കി. എന്നാല്‍ പിന്നീട് ഒന്നിച്ച ഡുപ്ലസിയും (51) ഡുമിനിയും (36) മൂന്നാം വിക്കറ്റില്‍ മുന്നേറിയപ്പോള്‍ ഇന്ത്യ വീണ്ടും അപകടം മണത്തു.

24-ാം ഓവറിൽ രണ്ട് വിക്കറ്റിന് 134 എന്ന ശക്തമായ നിലയിലായിരുന്നു ആഫ്രിക്കൻ ടീം. അനായാസം മുന്നേറിയ ഡുപ്ലസി-ഡുമിനി സഖ്യത്തെ പിരിച്ച് അക്ഷര്‍ പട്ടേല്‍ വീണ്ടും നായകന്റെ വിശ്വാസം കാത്തു. അടുത്തടുത്ത ഓവറില്‍ പട്ടേല്‍ ഇരുവരെയും മടക്കിയതോടെ സന്ദര്‍ശകര്‍ പ്രതിരോധത്തിലായി. ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ ധോനിയുടെ തന്ത്രങ്ങളും വിജയിച്ചപ്പോള്‍ പിന്നീടെത്തിയ ബാറ്റ്‌സമാന്‍മാര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല.

ഇന്ത്യക്കായി അക്ഷര്‍ പട്ടേലും ഭുവനേശ്വര്‍ കുമാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഹര്‍ഭജന്‍ സിങ്ങിന് രണ്ട് വിക്കറ്റുണ്ട്. ഉഷേ് യാദവും മോഹിത് ശര്‍മയും ഓരോ വിക്കറ്റ് പങ്കിട്ടു. ധോനിയാണ് മാന്‍ ഓഫ് ദ മാച്ച്.