രാജ്‌കോട്ട്: ഒടുവില്‍ സൗരാഷ്ട്രയുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ അവസാനമായി. രഞ്ജി ട്രോഫി ഫൈനലില്‍ ബംഗാളിനെതിരേ നേടിയ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ സൗരാഷ്ട്ര ആദ്യമായി കിരീടത്തില്‍ മുത്തമിട്ടു.

മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത സൗരാഷ്ട്ര രണ്ടു ദിവസത്തിലധികം ബാറ്റ് ചെയ്ത് 171.5 ഓവറുകള്‍ കളിച്ച് 425 റണ്‍സെടുത്തപ്പോള്‍ അതേനിലയ്ക്ക് പൊരുതിയ ബംഗാളിന്റെ ഒന്നാം ഇന്നിങ്‌സ് 381 റണ്‍സിന് അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ നേടി. ഈ 44 റണ്‍സിന്റെ ലീഡാണ് സൗരാഷ്ട്രയ്ക്ക് കിരീടം നേടിക്കൊടുത്തത്.

Saurashtra win their maiden Ranji Trophy title

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റു ചെയ്ത സൗരാഷ്ട്ര 34 ഓവറില്‍ നാലിന് 105 റണ്‍സെന്ന നിലയില്‍ നില്‍ക്കെ ഇരു ക്യാപ്റ്റന്‍മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ഏഴു രഞ്ജി സീസണുകളില്‍ നാലു തവണ ഫൈനലിലെത്തിയ സൗരാഷ്ട്രയുടെ ആദ്യ കിരീടം.

നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സെന്ന നിലയിലായിരുന്ന ബംഗാള്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുമെന്ന് തന്നെയായിരുന്നു വിലയിരുത്തല്‍. പക്ഷേ 63 റരണ്‍സെടുത്ത അനുസ്തുപ് മജുംദാറിനെ ക്യാപ്റ്റന്‍ ജയദേവ് ഉനദ്കട്ട് പുറത്താക്കിയതോടെ മത്സരം മാറിമറിയുകയായിരുന്നു. 28 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന അര്‍ണബ് നന്ദി അവസാന ദിനം 40 റണ്‍സില്‍ റണ്ണൗട്ടായതും ബംഗാളിന് തിരിച്ചടിയായി. ഇതോടെ ഒന്നാം ഇന്നിങ്‌സ് ലീഡെന്ന ബംഗാളിന്റെ സ്വപ്‌നം പൊലിഞ്ഞു.

നേരത്തെ സെഞ്ചുറി നേടിയ അര്‍പിത് വാസവദ (106), അവി ബരോത് (54), വിശ്വരാജ് ജഡേജ (54), ചേതേശ്വര്‍ പൂജാര (66) എന്നിവരുടെ ഇന്നിങ്‌സുകളാണ് സൗരാഷ്ട്രയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അര്‍പിത് വാസവദയാണ് കളിയിലെ താരം.

Content Highlights: Saurashtra win their maiden Ranji Trophy title