രാജ്‌കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറിനെതിരേ ബാറ്റു ചെയ്യുന്ന ബംഗാള്‍ നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സെന്ന നിലയില്‍.

ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കെ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 425 റണ്‍സ് മറികടക്കാന്‍ ലക്ഷ്യമിട്ടാകും ബംഗാള്‍ ഇറങ്ങുക. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറിനേക്കാള്‍ 71 റണ്‍സ് മാത്രം പിന്നിലാണ് ഇപ്പോള്‍ ബംഗാള്‍. 

മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ബംഗാളിനായി സുദീപ് ചാറ്റര്‍ജിയും ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹയും അര്‍ധ സെഞ്ചുറി നേടി. ഇരുവരും നാലാം വിക്കറ്റില്‍ 101 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

സുദീപ് 81 റണ്‍സും സാഹ 64 റണ്‍സും നേടി. ഇരുവരും പുറത്തായതിനു പിന്നാലെ ബംഗാള്‍ കളി കൈവിട്ടെന്ന് തോന്നിച്ചെങ്കിലും അനുസ്തുപ് മജുംദാറും അര്‍ണബ് നന്ദിയും ഉറച്ചുനിന്നു. 58 റണ്‍സുമായി അനുസ്തുപും 28 റണ്‍സുമായി അര്‍ണബുമാണ് ക്രീസില്‍. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 91 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. സൗരാഷ്ട്രയ്ക്കായി ധര്‍മേന്ദ്ര സിങ് ജഡേജയും പ്രേരക് മങ്കാദും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

സുദീപ് കുമാര്‍ ഗറാമി (26), ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ (9), മനോജ് തിവാരി (35), ഷഹബാസ് അഹമ്മദ് (16) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തെ രണ്ടു ദിവസത്തിലധികം ബാറ്റ് ചെയ്ത് 171.5 ഓവറുകള്‍ കളിച്ചാണ് സൗരാഷ്ട്ര 425 റണ്‍സെടുത്തത്. സെഞ്ചുറി നേടിയ അര്‍പിത് വാസവദ (106), അവി ബരോത് (54), വിശ്വരാജ് ജഡേജ (54), ചേതേശ്വര്‍ പൂജാര (66) എന്നിവരുടെ ഇന്നിങ്സുകളാണ് സൗരാഷ്ട്രയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

Content Highlights: Saurashtra vs Bengal Ranji Trophy final Bengal cross 350