ബറോഡ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റെക്കോഡ് നേട്ടത്തോടെ സൗരാഷ്ട്ര സെമിയില്‍. രണ്ടാം ഇന്നിങ്‌സില്‍ ഉത്തര്‍പ്രദേശ് ഉയര്‍ത്തിയ 372 റണ്‍സിന്റെ വിജയലക്ഷ്യം ആറു വിക്കറ്റ് ബാക്കിനില്‍ക്കെ സൗരാഷ്ട്ര മറികടന്നു.  

രഞ്ജി ചരിത്രത്തില്‍ നാലാം ഇന്നിങ്‌സില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2008-2009 സീസണില്‍ സര്‍വീസസ് ഉയര്‍ത്തിയ 371 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച അസമിന്റെ റെക്കോര്‍ഡാണ് സൗരാഷ്ട്ര പഴങ്കഥയാക്കിയത്. 

രണ്ടാം ഇന്നിങ്‌സില്‍ സൗരാഷ്ട്രയ്ക്കായി ഹാര്‍വിക് ദേശായി സെഞ്ചുറി (116) നേടി. സ്‌നെല്‍ പട്ടേല്‍ 72 റണ്‍സെടുത്തു. 67 റണ്‍സുമായി പുറത്താകാതെ നിന്ന ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയും 73 റണ്‍സെടുത്ത ഷെല്‍ഡണ്‍ ജാക്‌സണും ചേര്‍ന്നാണ് സൗരാഷ്ട്രയെ വിജയത്തിലെത്തിച്ചത്. സെമിയില്‍ കര്‍ണാടകയാണ് സൗരാഷ്ട്രയുടെ എതിരാളികള്‍.

സ്‌കോര്‍ സൗരാഷ്ട്ര 208, 372/4, ഉത്തര്‍പ്രദേശ് 385, 194.

മറ്റൊരു മത്സരത്തില്‍ ഉത്തരാഖണ്ഡിനെ ഇന്നിങ്‌സിനും 115 റണ്‍സിനും കീഴടക്കിയ നിലവിലെ ചാമ്പ്യന്‍മാരായ വിദര്‍ഭയും സെമിയിലെത്തി. ഗുജറാത്തിലെ തോല്‍പ്പിച്ച് ആദ്യ രഞ്ജി സെമിഫൈനല്‍ കളിക്കുന്ന കേരളമാണ് വിദര്‍ഭയുടെ എതിരാളികള്‍.

Content Highlights: saurashtra seal semi spot with highest chase in ranji trophy history