ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന കര്‍ണാടകയ്‌ക്കെതിരായ രഞ്ജി ട്രോഫി സെമിഫൈനലില്‍ സൗരാഷ്ട്ര താരമായ ചേതേശ്വര്‍ പൂജാര ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. രണ്ടിന്നിങ്‌സിലും ക്യാച്ചിലൂടെ പുറത്തായിട്ടും അമ്പയര്‍ ഔട്ട് വിധിക്കാത്തതിനാല്‍ ക്രീസില്‍ തുടര്‍ന്ന പൂജാരയെ കാണികള്‍ കൂവി വിളിച്ചിരുന്നു. ഇന്ത്യന്‍ താരമായ പൂജാര സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്ലാതെ പെരുമാറിയെന്നും ആരാധകര്‍ പരിഹസിച്ചു.

എന്നാല്‍ പൂജാരയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സൗരാഷ്ട്ര പരിശീലകന്‍ സിതാന്‍ശു കൊടക്. തന്റെ കരിയറില്‍ ഇരുപതോ മുപ്പതോ തവണ തെറ്റായ തീരുമാനത്തിലൂടെ പുറത്തായിട്ടുണ്ടെന്നും അന്നൊന്നും ആരും തന്നെ ക്രീസിലേക്ക് തിരിച്ചുവിളിച്ചിട്ടില്ലെന്നും കൊടക് വ്യക്തമാക്കി. അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെയാണ് പുറത്തായതെങ്കില്‍ ആരെങ്കിലും നിങ്ങളെ തിരിച്ചുവിളിക്കുന്നു പതിവുണ്ടെങ്കില്‍ ഔട്ട് വിധിക്കാതെ തന്നെ ക്രീസ് വിടാം. പക്ഷേ അങ്ങനെ ഒരു പതിവില്ല. ഇനി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ പേരില്‍ ഔട്ട് വിളിക്കാതെ തന്നെ ക്രീസ് വിട്ടാല്‍ അത് ടീമിനോട് ചെയ്യുന്ന ദ്രോഹമാകും. കാരണം ഔട്ടല്ലെന്ന് ഉറപ്പാണെങ്കിലും അമ്പയര്‍ ഔട്ട് വിളിക്കുമ്പോള്‍ എതിരാളികള്‍ നിങ്ങളെ തിരിച്ചുവിളിക്കില്ലല്ലോ-കൊടക് വ്യക്തമാക്കി,

കരിയറില്‍ ഒരു തവണയെങ്കിലും വിനയ് കുമാര്‍ ഇത്തരത്തില്‍ ബാറ്റ്‌സ്മാനെ തിരിച്ചുവിളിച്ചതായി കേട്ടിട്ടില്ല. പൂജാരയ്ക്കു നേരെ കൂവുകയും ചതിയനെന്ന് വിളിക്കുകയും ചെയ്ത കാണികളുടെ ആ സ്വഭാവം അംഗീകരിക്കാനാകില്ല. അത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് ചേര്‍ന്നതായിരുന്നില്ലെന്നും കൊടക് കൂട്ടിച്ചേര്‍ത്തു.

മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ അഭിമന്യു മിഥുവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയെങ്കിലും അമ്പയര്‍ ഔട്ട് വിധിച്ചില്ല. 45 റണ്‍സെടുത്താണ് പൂജാര പൂറത്തായത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 34-ല്‍ നില്‍ക്കെ വിനയ് കുമാറിന്റെ പന്തില്‍ വിക്കറ്റ് പൂജാര കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയപ്പോഴും അമ്പയര്‍ സയ്യിദ് ഖാലിദ് അത് കാണുകയോ ഔട്ട് വിധിക്കുകയോ ചെയ്തില്ല. അത് ഔട്ടാണെന്ന് വ്യക്തമായിരുന്നു. അമ്പയര്‍ ഔട്ട് വിധിക്കാത്തതിനാല്‍ പൂജാര ക്രീസില്‍ തുടരുകയും ചെയ്തു. 

പിന്നീട് അപരാജിത സെഞ്ചുറി നേടിയ പൂജാര ഷെല്‍ഡണ്‍ ജാക്‌സണുമൊപ്പം സൗരാഷ്ട്രയെ ഫൈനലിലേക്ക് നയിക്കുകയും ചെയ്തു. ഇതോടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാണികള്‍ പൂജാരക്കുനേരെ കൂവുകയും ചതിയനെന്ന് ഉറക്കെ വിളിക്കുകയും ചെയ്തു.

 

 

Content Highlights: Saurashtra coach defends Cheteshwar Pujara for not walking off during the Ranji Trophy semi final