അബുദാബി: മത്സരത്തിനിടെ നിര്‍ണായക ബൗളിങ് മാറ്റം കൊണ്ടുവരുന്നതിലും ഫീല്‍ഡറെ കൃത്യസ്ഥലത്ത് നിര്‍ത്തുന്നതിലും മുന്‍ ഇന്ത്യന്‍ നായകന്‍ ധോനിക്കുള്ള കഴിവിന് ഉദാഹരണങ്ങള്‍ ഏറെയാണ്. 

നായകസ്ഥാനം ഒഴിഞ്ഞ ശേഷവും ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ ധോനി, കോലിയുമായും രോഹിത്തുമായും പങ്കുവെയ്ക്കാറുണ്ട്. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരേ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ ഷാക്കിബ് അല്‍ ഹസനെ പുറത്താക്കാന്‍ ധോനി നിര്‍ദേശിച്ച ഫീല്‍ഡ് മാറ്റം ഫലപ്രദമായത് ക്രിക്കറ്റ് ലോകം കണ്ടതാണ്.

ബുധനാഴ്ച ബംഗ്ലാദേശിനെതിരേ നടന്ന മത്സരത്തില്‍ പാക് നായകന്‍ സര്‍ഫ്രാസ് ഇത്തരത്തില്‍ ധോനിയുടെ ഒരു തന്ത്രം പയറ്റി നോക്കി. പറഞ്ഞിട്ടെന്താ, തികഞ്ഞ പരാജയമായിരുന്നു ആ തീരുമാനം എന്നു മാത്രമല്ല, വിലപ്പെട്ട ഒരു വിക്കറ്റ് നേടാനുള്ള സുവര്‍ണാവസരവും ഇതുവഴി പാകിസ്താന് നഷ്ടമായി.

ഹസന്‍ അലി ബൗളിങ്ങിന് എത്തിയപ്പോഴായിരുന്നു പാക് നായകന്റെ ഫീല്‍ഡ് മാറ്റം. സ്ലിപ്പില്‍ നിന്നിരുന്ന ഫീല്‍ഡറെ സര്‍ഫ്രാസ് ലെഗ് സൈഡിലേക്ക് മാറ്റി. എന്നാല്‍ അതിനു ശേഷം അലി എറിഞ്ഞ മൂന്നാമത്തെ പന്ത് ബംഗ്ലാ ബാറ്റ്‌സ്മാന്‍ മുഹമ്മദ് മിഥുന്റെ ബാറ്റില്‍ തട്ടി നേരത്തെ ഫീല്‍ഡര്‍ നിന്നിരുന്ന സ്ലിപ്പിലൂടെ ബൗണ്ടറിയിലെത്തി. 99 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹീമിനൊപ്പം 60 റണ്‍സെടുത്ത മിഥുനാണ് ബംഗ്ലാദേശിനെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 

ഈ വിക്കറ്റ് സ്വന്തമാക്കാനുള്ള അവസരമാണ് ഫീല്‍ഡറെ അനാവശ്യസമയത്ത് മാറ്റിയതിലൂടെ പാക് നായകന്‍ ഇല്ലാതാക്കിയത്. സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റതോടെ പാകിസ്താന്‍ ഫൈനല്‍ കാണാതെ പുറത്താകുകയും ചെയ്തു. 37 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം. മുഷ്ഫിഖര്‍ റഹീമും മിഥുനും ചേര്‍ന്ന സഖ്യം 144 റണ്‍സാണ് നാലാം വിക്കറ്റില്‍ ബംഗ്ലാദേശ് സ്‌കോറിലേക്ക് ചേര്‍ത്തത്.

Content Highlights: Sarfraz Ahmed tries pulling off an MS Dhoni against Bangladesh move backfires miserably