Photo: twitter.com
ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടാന്‍ സാധിക്കാത്തതിനു പിന്നാലെ രഞ്ജി ട്രോഫിയില്‍ സെഞ്ചുറി വേട്ട തുടര്‍ന്ന് മുംബൈ താരം സര്‍ഫറാസ് ഖാന്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന സര്‍ഫറാസ് ചൊവ്വാഴ്ച ഡല്‍ഹിക്കെതിരെയാണ് സെഞ്ചുറി കണ്ടെത്തിയത്.
ബാറ്റിങ് ദുഷ്കരമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ പിച്ചില്‍ 155 പന്തില്‍ 16 ഫോറും നാലു സിക്സുമടക്കം 125 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇത്തവണ സെഞ്ചുറി നേടിയ ശേഷമുള്ള സര്‍ഫറാസിന്റെ ആഘോഷവും ശ്രദ്ധ നേടി. അലറിവിളിച്ച് ബാറ്റ് കൊണ്ട് വായുവില്‍ ആഞ്ഞടിച്ച് കട്ടക്കലിപ്പിലായിരുന്നു സര്‍ഫറാസ്. താരത്തിന്റെ സെഞ്ചുറി മികവില്‍ മുംബൈ ഒന്നാം ഇന്നിങ്സില്‍ 293 റണ്‍സെടുത്തു.
നേരത്തെ ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ഇത്തവണയും സര്‍ഫറാസ് ഖാന്റെ അഭാവം ചര്‍ച്ചയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ മൂന്ന് സീസണുകളിലായി തുടര്‍ച്ചയായി തിളങ്ങുന്ന സര്‍ഫറാസ് ഇത്തവണയെങ്കിലും ടീമില്‍ ഇടംപിടിക്കുമെന്നായിരുന്നു ഏവരുടെയും വിശ്വാസം. പക്ഷേ ടീം പ്രഖ്യാപിച്ചപ്പോള്‍ താരം ഇത്തവണയും പുറത്ത്.
ടീമിനെ പ്രഖ്യാപിച്ച അന്ന് രാത്രി തനിക്ക് ഉറങ്ങാനായില്ലെന്ന് താരം പ്രതികരിച്ചിരുന്നു. 2019-20 രഞ്ജി സീസണില്‍ 154.66 ശരാശരിയില്‍ 928 റണ്‍സും 2020-21 സീസണില്‍ 122.75 ശരാശരിയില്‍ 982 റണ്‍സും ഇക്കാലയളവില്‍ കളിച്ച 22 ഫസ്റ്റ് ക്ലാസ് ഇന്നിങ്സുകളില്‍ നിന്നായി 134.624 ശരാശരിയില്‍ 2289 റണ്‍സാണ് സര്‍ഫറാസ് നേടിയിരിക്കുന്നത്. അഞ്ച് അര്‍ധ സെഞ്ചുറികളും ഒമ്പത് സെഞ്ചുറികളും രണ്ട് ഇരട്ട സെഞ്ചുറികളും ഒരു ട്രിപ്പിള്‍ സെഞ്ചുറിയും ഇക്കാലയളവില്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സര്‍ഫറാസിന്റെ ബാറ്റിങ് ശരാശരി 80-ന് മുകളിലെത്തി. ഇതോടെ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് ശേഷം ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരവുമെന്ന നേട്ടവും സര്‍ഫറാസ് സ്വന്തമാക്കിയിരുന്നു.
Content Highlights: Sarfaraz Khan Scores Century In Ranji Trophy After Australia Test Snub
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..