മുംബൈ: 17-ാം വയസ്സില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തട്ടുപൊളിപ്പന്‍ താരമായി ഉയര്‍ന്നുകേട്ട പേരാണ് സര്‍ഫറാസ് ഖാന്‍ എന്ന മുംബൈ സ്വദേശിയുടേത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി പേരുകേട്ട ബാറ്റിങ്‌നിരയ്‌ക്കൊപ്പം മികച്ച പ്രകടനം പുറത്തെടുത്തതോടെ സര്‍ഫറാസിന്റെ പേര് ക്രിക്കറ്റ് വൃത്തങ്ങളില്‍ ചര്‍ച്ചയായി. എന്നാല്‍ ഉദിച്ചുയര്‍ന്ന താരം വിസ്മൃതിയില്‍ മറയാന്‍ അധിക നാളുകള്‍ വേണ്ടിവന്നില്ല. ഒരു കാലത്ത് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തുമെന്ന് പലരും പ്രവചിച്ചിരുന്ന താരം പിന്നീട് മോശം ഫോമും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണം ടീമില്‍ നിന്ന് പുറത്തായി.

ഇപ്പോഴിതാ 22-ാം വയസില്‍ പണ്ടത്തെ ആ വണ്ടര്‍ കിഡ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. മുംബൈക്കായി രഞ്ജി ട്രോഫിയില്‍ പുറത്തെടുത്ത മിന്നും പ്രകടനങ്ങള്‍ സര്‍ഫറാസിന്റെ കരിയര്‍ ഗ്രാഫില്‍ ഉയര്‍ച്ചകള്‍ സമ്മാനിക്കുന്നു. 

Sarfaraz Khan ends Ranji Trophy 2019-20 with a batting average over 150

രഞ്ജിയില്‍ മുംബൈ മോശം പ്രകടനം നടത്തിയിടത്താണ് സര്‍ഫറാസ് ശ്രദ്ധനേടുന്നത്. ടീമിലെ സുപ്രധാന താരങ്ങള്‍ക്ക് സീനിയര്‍ ടീമിലേക്ക് വിളിയെത്തിയതും മറ്റുള്ളവര്‍ ഇന്ത്യ എ ടീമിനൊപ്പമായതും മുംബൈക്ക് തിരിച്ചടിയായപ്പോള്‍ സര്‍ഫറാസിന് അത് അനുഗ്രഹമായി. ടൂര്‍ണമെന്റിലെ ആദ്യ മൂന്നു മത്സരങ്ങളിലും പുറത്തിരിക്കാന്‍ വിധിക്കപ്പെട്ട സര്‍ഫറാസ് പിന്നീട് ലഭിച്ച അവസരങ്ങളില്‍ ബാറ്റുകൊണ്ട് നിറഞ്ഞാടി.

ഈ സീസണില്‍ കളിച്ച ഒമ്പത് രഞ്ജി ട്രോഫി ഇന്നിങ്‌സുകളില്‍ നിന്ന് 928 റണ്‍സാണ് സര്‍ഫറാസ് അടിച്ചുകൂട്ടിയത്. ബാറ്റിങ് ശരാശരി 154.66. ഒരു ട്രിപ്പിള്‍ സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. ഒടുവില്‍ മധ്യപ്രദേശിനെതിരേ 177 റണ്‍സോടെയാണ് സര്‍ഫറാസ് ഈ സീസണിന് അന്ത്യം കുറിച്ചത്. 23 റണ്‍സ് കൂടി നേടാനായിരുന്നെങ്കില്‍ ഒരു രഞ്ജി സീസണില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോഡ് സര്‍ഫറാസിന് സ്വന്തമായേനെ.

154.66 എന്ന സര്‍ഫറാസിന്റെ ബാറ്റിങ് ശരാശരി ഒരു രഞ്ജി ട്രോഫി സീസണിലെ ഒരു താരത്തിന്റെ ഏറ്റവും മികച്ച മൂന്നാമത്തെ ബാറ്റിങ് ശരാശരിയാണ്.

അതേസമയം ഈ സീസണില്‍ 1000 റണ്‍സ് തികയ്ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ രഞ്ജി ട്രോഫി ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടവും താരത്തിന് സ്വന്തമായേനെ.

ഇതിനിടയില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രണ്ട് പുറത്താകലുകള്‍ക്കിടയില്‍ കൂടുതല്‍ റണ്‍സെടുത്തവരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തെത്താനും താരത്തിനായി. ജനുവരി രണ്ടാം വാരത്തില്‍ തമിഴ്നാടിനെതിരേ പുറത്തായത് മുതല്‍ പിന്നീട് സൗരാഷ്ട്രയ്ക്കെതിരേ പുറത്താകുന്നത് വരെ 605 റണ്‍സ് സര്‍ഫറാസ് നേടിയിരുന്നു.

Content Highlights: Sarfaraz Khan ends Ranji Trophy 2019-20 with a batting average over 150