ഇസ്ലാമാബാദ്: 1999-ൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ചെന്നൈയിൽ നടന്ന ടെസ്റ്റ് മത്സരം ഏറെ പ്രശസ്തമാണ്. ഇന്ത്യയുടെ തകർച്ചയും പിന്നീടുള്ള സച്ചിൻ തെണ്ടുൽക്കറുടെ ഒറ്റയാൾ പോരാട്ടവും ഒടുവിൽ സച്ചിനെ പുറത്താക്കി സഖ്ലെയിൻ മുഷ്താഖ് പാകിസ്താന് വിജയം സമ്മാനിച്ചതുമെല്ലാം ക്രിക്കറ്റ് പ്രേമികളുടെ മനസിൽ മായാതെ നിൽപ്പുണ്ട്.

ഇപ്പോഴിതാ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആ മത്സരത്തിന്റെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് പാക് സ്പിന്നർ സഖ്ലെയിൻ മുഷ്താഖ്.

ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന ആവേശം നിറഞ്ഞ മത്സരങ്ങളിൽ ഒന്നായിരുന്നു അത്. വിജയിക്കാൻ 271 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ചിന് 81 എന്ന നിലയിലേക്ക് തകർന്നു. എന്നാൽ സച്ചിനും വിക്കറ്റ് കീപ്പർ നയൻ മോംഗിയയും ചേർന്ന് സ്കോർ 218-ൽ എത്തിച്ചു. മോശം ഷോട്ടിൽ മോംഗിയ പുറത്തായെങ്കിലും തകർത്തടിച്ച സച്ചിൻ ഇന്ത്യയെ പെട്ടെന്ന് വിജയത്തിലെത്തിക്കാനുള്ള വ്യഗ്രതയിലായിരുന്നു. സെഞ്ചുറിയും കടന്ന് കുതിച്ച സച്ചിന് സുനിൽ ജോഷി പിന്തുണ നൽകി. എന്നാൽ വിജയത്തിലേക്ക് 17 റൺസ് മാത്രം വേണ്ടപ്പോൾ സഖ്ലെയിന്റെ പന്തിൽ സിക്സറിന് ശ്രമിച്ച് സച്ചിൻ വീണു. അതോടെ വാലറ്റം ചീട്ടുകൊട്ടാരം പോലെ തകർന്നു. ഒടുവിൽ 12 റൺസിന് ഇന്ത്യ മത്സരം തോറ്റു.

അന്ന് ദൈവം തന്നോടൊപ്പമായിരുന്നുവെന്ന് സഖ്ലെയിൻ പറയുന്നു. ''അന്ന് സച്ചിനെ പുറത്താക്കാനാകുമെന്ന് കരുതിയതേയില്ല. എന്നാൽ ദൈവം ഒന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അത് മാറ്റാൻ സാധിക്കില്ല. മരിക്കും വരെ സച്ചിന്റെ ആ വിക്കറ്റ് എനിക്ക് അഭിമാനം തന്നെയാണ്'', സഖ്ലെയിൻ പറയുന്നു.

അന്ന് ഫീൽഡിൽ വസീം അക്രമാണ് തന്നെ പ്രചോദിപ്പിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ''അന്ന് അദ്ദേഹം (അക്രം) എന്നിൽ പൂർണമായും വിശ്വസിക്കുന്നുവെന്ന് പറഞ്ഞു. ടീമിനായി എനിക്ക് അദ്ഭുതം കാട്ടാനാകുമെന്നും. ആ വാക്കുകളാണ് അന്ന് എന്നെ ഉത്തേജിപ്പിച്ചത്''.

അതേസമയം മത്സരത്തിനിടെ സച്ചിനെതിരേ ദൂസര എറിയാൻ ഭയപ്പെട്ടിരുന്നെന്നും സഖ്ലെയിൻ വെളിപ്പെടുത്തി. ''സച്ചിൻ എന്റെ പന്തുകളെ ബൗണ്ടറിയിലേക്ക് പറത്തിക്കൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ കാഴ്ച അപാരമായിരുന്നു. ഫീൽഡിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അദ്ദേഹം വായിച്ചെടുക്കുന്നുണ്ടായിരുന്നു. അത് എന്നെ ശരിക്കും ഭയപ്പെടുത്തി. നിങ്ങൾ വിശ്വസിക്കില്ല, ബൗണ്ടറി പേടിച്ച് അന്ന് സച്ചിനെതിരേ ദൂസര എറിയാൻ ഭയപ്പെട്ടിരുന്നു''.

Content Highlights: Saqlain Mushtaq recalls dismissing Sachin Tendulkar in 1999 Chennai Test