തിരുവനന്തപുരം: മോശം പെരുമാറ്റത്തിന്റെ പേരില്‍ സഞ്ജു സാംസനെ താക്കീത് ചെയ്തിട്ടുണ്ടെങ്കിലും സഞ്ജുവിന്റെ അച്ഛന് വിലക്കൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് കെ.സി.എ പ്രസിഡന്റ് ബി. വിനോദ് വിശദീകരിച്ചു.
കളിസ്ഥലത്ത് സഞ്ജുവിന്റെ അച്ഛനെ മാത്രമല്ല, ഇനി ഒരു കളിക്കാരന്റെയും രക്ഷിതാവിനെ പ്രവേശിപ്പിക്കേണ്ടെന്ന് കെ.സി.എ തീരുമാനിച്ചിട്ടുണ്ട്. കളിക്കാര്‍ പരിശീലിക്കുന്ന അവസരത്തിലും ഡ്രെസിങ് റൂമിലും ഇനി ആരേയും പ്രവേശിപ്പിക്കേണ്ട എന്ന് മാത്രമാണ് കെ.സി.എയുടെ യോഗത്തില്‍ തീരുമാനിച്ചത്. മറ്റ് എന്തെങ്കിലും തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടോ എന്ന് അറിവില്ല. വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍ കേരള ക്യാപ്റ്റന്‍ എസ്. രമേശ് മാച്ച് റഫറി രംഗനാഥന്‍ എന്നിവരടങ്ങുന്ന നാലംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read More: സഞ്ജുവിന് താക്കീത്, അച്ഛന് വിലക്ക്
എന്നാല്‍ സഞ്ജുവിനെ താക്കിത് ചെയ്തുവെന്നത് ശരിയാണ്. ഇനി ഇത്തരത്തിലെ പ്രവര്‍ത്തികള്‍ ആവര്‍ത്തികരുതെന്നും വരുന്ന തലമുറയിലെ കുട്ടികള്‍ ഇത് കണ്ട് പഠിക്കാന്‍ സാധ്യതയുണ്ടെന്നും സഞ്ജുവിനോട് പറഞ്ഞതായി വിനോദ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സഞ്ജു വളര്‍ന്നു വരുന്ന താരമാണ്. അയാള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സാധ്യതയുള്ള താരമാണ്. ആദ്യമായാണ് സഞ്ജുവില്‍ നിന്ന് ഇത്തരത്തിലൊരു പ്രവര്‍ത്തി ഉണ്ടായത്-അദ്ദേഹം പറഞ്ഞു. ക്രിക്കറ്റെന്നല്ല ഏത് സ്‌പോര്‍ടിലും അച്ചടക്കം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സഞ്ജുവിനെതിരെ അച്ചടക്ക നടപടിയെടുത്ത യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ടി.സി മാത്യു. താന്‍ ഈ വിഷയത്തില്‍ താന്‍ അഭിപ്രായം പറയുന്നില്ല. കാരണം ഈ വിഷയത്തില്‍ അനാവശ്യമായി തന്റെ പേരും വലിച്ചിഴച്ചിരുന്നതായും ടി.സി മാത്യു പറഞ്ഞു. അതിനാല്‍ താന്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയില്ലെന്നും ടി.സി മാത്യു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.