തന്റെ അച്ഛന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ലെന്ന് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. അച്ചടക്ക നടപടിയുടെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത് നേരിട്ടശേഷം  മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു സഞ്ജു. സഞ്ജുവിന്റെ അച്ഛന്‍ വിശ്വനാഥ് സാംസണെ കളിക്കളത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് കെ.സി.എ വിലക്കിയിട്ടുമുണ്ട്.

Read More: സഞ്ജുവിന് താക്കീത്, അച്ഛന് വിലക്ക്
Read More: കളിസ്ഥലത്ത് ആരുടെ രക്ഷിതാക്കൾക്കും പ്രവേശനമില്ല: കെ.സി.എ

കെ.കെ.സി.എയില്‍ നിന്നും ഇത്തരത്തിലൊരു നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് സഞ്ജു പറഞ്ഞു. തുടര്‍ച്ചയായ മത്സരങ്ങളില്‍ നന്നായി കളിക്കാനാവാതെ വന്നപ്പോള്‍ അത്തരത്തിലൊരു പ്രകോപനം ഉണ്ടായി എന്നുള്ളത് സത്യമാണ്. എന്നാല്‍, ഞാന്‍ ഡ്രസ്സിങ് റൂം തന്റെ വീടു പോലെയും സഹകളിക്കാരെ കുടുംബാംഗങ്ങളെ പോലെയുമാണ് കാണുന്നത്. എന്നാല്‍ അപ്പോഴുണ്ടായ ദേഷ്യത്തിലും വിഷമത്തിലും പറ്റിപ്പോയ അബദ്ധമാണത്. ഇക്കാര്യം പുറത്തു പോകരുതായിരുന്നു. കുടുംബമാകുമ്പോള്‍ പല സ്വഭാവകാരും ഉണ്ടാകും. എന്നാല്‍ കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്ത് പോകുന്നത് ശരിയാണോ? ഞാന്‍ ചെയ്തത് തെറ്റാണ.് എന്നാല്‍ ഇതുവരെ ഇത്തരത്തില്‍ ഒരു കാര്യം എന്നില്‍ നിന്നും ഉണ്ടായിട്ടിലല്ലോ. അച്ഛന്‍ എന്ത് തെറ്റാണ് ചെയ്തത് എന്നറിയില്ല. തെറ്റ് ചെയ്യാത്തത് കൊണ്ട് തന്നെ വിഷമമില്ലയെന്നും സഞ്ജു പറഞ്ഞു. എന്ത് പറഞ്ഞാലും വിവാദമാകുന്ന കാലമാണ്. അത് കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ പേടിയാണ്. ഇപ്പോള്‍ ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുക എന്ന ലക്ഷ്യം മാത്രമാണ് മുന്നിലുള്ളത്. മറ്റു കാര്യങ്ങളെല്ലാം മറക്കാന്‍ ശ്രമിക്കുകയാണെന്നും സഞ്ജു പറഞ്ഞു.