തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ-യ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു. വി സാംസണും ശിഖര്‍ ധവാനും ചേര്‍ന്ന് പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ട് ആരാധകര്‍ കൈയടിയോടെയാണ് സ്വീകരിച്ചത്. തിരുവനന്തപുത്ത് കളി കാണാനെത്തിയ ആരാധകരുടെ മനം നിറയ്ക്കുന്നതായിരുന്നു ആ കൂട്ടുകെട്ട്. എന്നാല്‍ ഇതിനിടയിലെ ഒരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് സഞ്ജുവും ധവാനും. 

ബാറ്റു ചെയ്യുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ ബൗളര്‍ ബ്യൂറന്‍ ഹെന്‍ഡ്രിക്‌സിന്റെ ഒരു ബൗണ്‍സര്‍ റിവേഴ്‌സ്‌ സ്‌കൂപ്പ് ചെയ്യാന്‍ ശ്രമിച്ച ധവാന് പിഴച്ചു. പന്ത് കൊണ്ടത് ധവാന്റെ ഹെല്‍മെറ്റിലായിരുന്നു. ഇത് മത്സരത്തിനടിയല്‍ ആശങ്കയുണര്‍ത്തിയ നിമിഷങ്ങളായിരുന്നു. അല്‍പനേരം എല്ലാവരും ഒന്നു പകച്ചു. ധവാന് കാര്യമായി പരിക്കൊന്നുമേല്‍ക്കാത്തതിനാല്‍ മത്സരം തുടര്‍ന്നു. 

പിന്നീട് ഈ ബൗണ്‍സറിന്റെ വീഡിയോ ധവാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 'നമ്മള്‍ വീഴും, തകരും, പരാജയപ്പെടും. എന്നാല്‍ ഇതില്‍ നിന്നെല്ലാം നമ്മള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും, മുറിവുണക്കും, തിരിച്ചുവരും.' ആ വീഡിയോക്കൊപ്പം ധവാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെ കുറിച്ചു.

എന്നാല്‍ ഇതിന് രസകരമായ രീതിയിലുള്ള മറുപടിയുമായി സഞ്ജുവെത്തി.' ആ സമയം താങ്കള്‍ എന്നോട് പറഞ്ഞത് പന്ത് പൊട്ടിയോ എന്ന് നോക്കാനായിരുന്നു' എന്നായിരുന്നു സഞ്ജുവിന്റെ കമന്റ്. 

ഇതിന് ധവാന്‍ മറുപടിയും നല്‍കി. അത് ഇങ്ങനെയായിരുന്നു 'താങ്കള്‍ക്കൊപ്പം ക്രീസില്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞത് മനോഹരമായ അനുഭവമായിരുന്നു.' മത്സരത്തില്‍ ധവാന്‍ 36 പന്തില്‍ 51 റണ്‍സടിച്ചപ്പോള്‍ സഞ്ജു 48 പന്തില്‍ 91 റണ്‍സ് നേടി.

instagram

Content Highlights: Sanju V Samson Shikhar Dhawan India A vs South Africa A