കോഴിക്കോട്: എസ്.ശ്രീശാന്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു.വി.സാംസണ്‍ വീണ്ടും വിവാദക്കുരുക്കില്‍. മുംബൈയില്‍ നടന്ന ഗോവയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു അച്ചടക്കരഹിതമായി പെരുമാറിയെന്നും ഇത് അന്വേഷിച്ച് നടപടിയെടുക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ ജയേഷ് ജോര്‍ജ്ജ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. മുന്‍ കേരള ക്യാപ്റ്റന്‍ എസ്.രമേശ്, മാച്ച് റഫറി രംഗനാഥന്‍, കെ.സി.എ വൈസ് പ്രസിഡണ്ട് അഡ്വ.ടി.ആര്‍ ബാലകൃഷ്ന്‍, അഡ്വ.ശ്രീജിത്ത് എന്നിവരടങ്ങുന്നതാണ് നാലംഗ സമിതി. 

ഗോവക്കെതിരായ മത്സരത്തില്‍ രണ്ടാമിന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ സഞ്ജു മത്സര ശേഷം ഡ്രസ്സിങ് റൂമിലെത്തി ബാറ്റ് തല്ലിപ്പൊട്ടിക്കുകയും ആരോടും പറയാതെ റൂം വിട്ടു പോകുകയും ചെയ്തുവെന്നാണ് ആരോപണം. രഞ്ജി മത്സരത്തിനിടെ വിവാദമുണ്ടാക്കേണ്ടെന്ന് കരുതി തുടര്‍ന്ന്‌ ഗുവാഹത്തിയില്‍ നടന്ന ആന്ധ്ര പ്രദേശിനെതിരായ മത്സരത്തിലും സഞ്ജുവിനെ കളിപ്പിച്ചെങ്കിലും ആദ്യ ഇന്നിങ്‌സില്‍ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് പോകണമെന്ന് സഞ്ജു ആവശ്യപ്പെട്ടതായും എന്നാല്‍ ടൂര്‍ണമെന്റിനിടയില്‍ പെട്ടെന്ന് അങ്ങനെ പിന്മാറാനാവില്ലെന്നും കെ.സി.എ സഞ്ജുവിനെ അറിയിച്ചതായി ജയേഷ് വ്യക്തമാക്കി. പരിക്കേറ്റതിനാലാണ് നാട്ടിലേക്ക് മടങ്ങണമെന്ന് സഞ്ജു ആവശ്യപ്പെട്ടത്. പക്ഷേ പരിക്ക് സഞ്ജു ടീം ഫിസിയോ, മാനേജര്‍ എന്നിവരെ അറിയിച്ചില്ലെന്നും ജയേഷ് പറയുന്നു.നാട്ടിലേക്ക് പോകാനനുവദിക്കാത്തതോടെ സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ കെ.സി.എ പ്രസിഡണ്ടിനെയും സ്റ്റാഫിനെയും വിളിച്ച് ചീത്ത പറഞ്ഞുവെന്നും ജയേഷ് വ്യക്തമാക്കി.

 സഞ്ജു റൂമില്‍ നിന്ന് എവിടെയും പോയിട്ടില്ലെന്നും പരിക്കുണ്ടെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിപ്പിച്ചു കളിപ്പിക്കുകയായിരുന്നുവെന്നുമുള്ള സഞ്ജുവിന്റെ അച്ഛന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും ജയേഷ് ചൂണ്ടിക്കാട്ടി. ആന്ധ്രാ പ്രദേശിനെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ സഞ്ജുവിന് പരിക്കില്ലായിരുന്നുവെന്നും മത്സരം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് പരിക്കുണ്ടെന്നും വീട്ടില്‍ പോകണമെന്നും സഞ്ജു ആവശ്യപ്പെട്ടത്. ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ച സഞ്ജുവിന് ഡ്രസ്സിങ് റൂമില്‍ എങ്ങനെ പെരുമാറണമെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും ഇത്തരത്തില്‍ അപക്വമായ ഒരു പെരുമാറ്റം എന്തു കൊണ്ടുണ്ടായി എന്നറിയില്ലെന്നും ജയേഷ് പറഞ്ഞു. 

രഞ്ജി ട്രോഫിയുടെ ഈ സീസണില്‍ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഏഴു മത്സരങ്ങളില്‍ നിന്ന് 334 റണ്‍സാണ് സഞ്ജു സ്‌കോര്‍ ചെയ്തത്‌. ഇതില്‍ ജമ്മു കാശ്മീരിനെതിരായ സീസണിലെ ആദ്യ മത്സരത്തില്‍ 154 റണ്‍സ് നേടി എന്നതു മാത്രമാണ് എടുത്തു പറയാനുള്ളത്. രണ്ടിന്നിങ്‌സുകളില്‍ സഞ്ജു പൂജ്യത്തിന് പുറത്താകുകയും ചെയ്തു.